മൈക്രോസോഫ്റ്റ് കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് പഠനം നടത്തുന്നു

Posted on: December 29, 2018

 തിരുവനന്തപുരം : കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. പൊതുജന സമ്പര്‍ക്കത്തിനു രാജ്യത്തെ നിയമപാലക സംവിധാനം സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍ നിന്നു വ്യത്യസ്തമായി നവമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുമെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചും വിലയിരുത്തുന്ന ഗവേഷണത്തിന് ഇന്ത്യയില്‍ നിന്നു തെരഞ്ഞെടുത്തത് കേരള പോലീസിനെയാണ്.

ഫെയ്‌സ്ബുക്ക് പേജില്‍ അടുത്തിടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. നവമാധ്യമങ്ങളിലൂടെ ജനങ്ങളുമായുള്ള ആശയവിനിമയത്തിനു കേരള പോലീസിനു ലഭിക്കുന്ന ജനപിന്തുണയും പഠന വിഷയമാണ്.

മൈക്രോസോഫ്റ്റ് ബംഗലുരു ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പഠനത്തിന്റെ ഭാഗമായി ഗവേഷകരായ ദ്രുപ ഡിനി ചാള്‍സ് പോലീസ് ആസ്ഥാനത്തെത്തി കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ ഐജി മനോജ് എബ്രഹാം, മീഡിയ സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.