സി ഐ ഐ ഫൂഡ് സമിറ്റ് സമാപിച്ചു

Posted on: December 20, 2018

കൊച്ചി : സംസ്‌ക്കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെ മേഖലയില്‍ വന്‍ വളര്‍ച്ചാ സാധ്യതകളാണുള്ളതെന്ന് കൊച്ചിയില്‍ സമാപിച്ച ഫൂഡ് സമിറ്റ് ചൂണ്ടിക്കാട്ടി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ഫൂഡ് സമിറ്റില്‍ 650 ഓളം ബിസിനസ് മീറ്റിങ്ങുകളാണു നടന്നത്. ഈ മേഖലയിലെ 43 സ്റ്റാര്‍ട്ടപ്പുകളുടെ ആശയങ്ങളും ഇവിടെ അവതരിപ്പിക്കപ്പെട്ടു. അമേരിക്കയിലും ജര്‍മനിയിലും നിന്നുള്ള പ്രതിനിധികളും സമിറ്റില്‍ പങ്കെടുത്തു.

ഭക്ഷ്യ വ്യവസായ മേഖല ഇന്ത്യയെ സംബന്ധിച്ച് ഏറെ സാധ്യതകളുള്ളതാണെങ്കിലും ഈ രംഗത്തു നാം ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ഉച്ചകോടിയില്‍ സംസാരിച്ച കെല്ലോഗ് ദക്ഷിണാഫ്രിക്കാ മേഖലയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ അനുപം ദത്ത ചൂണ്ടിക്കാട്ടി. നഗര മേഖലകളില്‍ പോലും ആകെ ഭക്ഷ്യ ഉപഭോഗത്തിന്റെ അഞ്ചു ശതമാനം മാത്രമേ സംസ്‌ക്കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുള്ളു എന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 53 പ്രാസംഗികര്‍ എത്തിയ ഫൂഡ് സമിറ്റില്‍ 900 പ്രതിനിധികളാണുണ്ടായിരുന്നത്. ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍, അനലിസ്റ്റുകള്‍, ഉപകരണ നിര്‍മാതാക്കാള്‍, വിതരണക്കാര്‍, സ്റ്റാര്‍ട്ട് അപുകള്‍ തുടങ്ങി ഈ മേഖലയിലെ എല്ലാവരേയും ഒരേ വേദിയിലെത്തിക്കുന്ന ആദ്യ നീക്കമായിരുന്നു സി ഐ ഐയുടെ ഫൂഡ് സമിറ്റ്.