ദേശീയ വെൽഡിംഗ് സെമിനാറിന് കൊച്ചിയിൽ തുടക്കമായി

Posted on: December 13, 2018

കൊച്ചി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗ് (ഐഐഡബ്ല്യു) സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ വെൽഡിംഗ് സെമിനാറിന് തുടക്കമായി. എറണാകുളം ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ് നായർ ഉദ്ഘാടനം നിർവഹിച്ചു. നാഷ്ണൽ വെൽഡിംഗ് സെമിനാറിന്റെ സുവനീർ പ്രകാശനവും ചടങ്ങിൽ നടന്നു.

രാജ്യത്തെ ഇൻഡസ്ട്രിയൽ മേഖലയുടെ വളർച്ചയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗ് വഹിക്കുന്ന പങ്ക് നിർണായകമാണൈന്ന് കൊച്ചി കപ്പൽശാല സിഎംഡി മധു.എസ് നായർ പറഞ്ഞു. ഇത്തരത്തിൽ തുറന്ന ചർച്ചയ്ക്കുളള വേദികൾ വെൽഡിംഗ് മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും. അക്കാദമിയും ഇൻഡസ്ട്രിയും തമ്മിലുണ്ടാകുന്ന ബന്ധം മികച്ച അവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗിന് കൊച്ചിൻ ഷിപ്പ്‌യാഡിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ രംഗത്ത് വെൽഡിംഗ് മേഖലയ്ക്ക് വേണ്ട പ്രാമുഖ്യം ലഭിക്കുന്നില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗ് ദേശിയ അധ്യക്ഷൻ ഡോ. അരുൺകുമാർ ബാദുരി പറഞ്ഞു. വെൽഡിംഗ് രംഗത്തെ പുതിയ ടെക്‌നോളജികളെപ്പറ്റി ചർച്ച ചെയ്യാനും നവീന സാങ്കേതിക വിദ്യയെപ്പറ്റിയുളള അറിവുകൾ കൂടുതൽ പേരിലേക്ക് എത്തിച്ചുനൽകാനും ഇത്തരം സെമിനാറുകൾ വഴി സാധിക്കുമെന്നും അദേഹം പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ മുന്നൂറ്റൻപതോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ആധുനിക വെൽഡിംഗ് സാങ്കേതിക വിദ്യയെക്കുറിച്ചുളള തൊണ്ണൂറ് പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. നൈപുണ്യ വികസനം, ദേശീയ വികസനത്തിൽ വെൽഡിംഗ് സാങ്കേതിക വിദ്യയുടെ പങ്ക് എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ.

വെൽഡിംഗ് സാങ്കേതിക വിദഗധർക്കും ഗവേഷകർക്കുമൊപ്പം വെൽഡിംഗ് തൊഴിലാളികളും സെമിനാറിന്റെ ഭാഗമാകുന്നുണ്ട്. വെൽഡിംഗ് സാങ്കേതിക വിദ്യയെ സംബന്ധിച്ച് കേരളത്തിൽ നടക്കുന്ന ആദ്യ ബൃഹത് സമ്മേളനം എന്ന നിലയിലും ദേശീയ വെൽഡിംഗ് സെമിനാർ ശ്രദ്ധേയമാണ്.

ഉദ്ഘാടന ചടങ്ങിൽ ഐഐഡബ്ല്യു ഇന്ത്യ സെക്രട്ടറി ജനറൽ പരിമൾ ബിശ്വാസ്, ഐഐഡബ്ല്യു കൊച്ചിൻ വൈസ് ചെയർമാൻ എ. പ്രസാദ് കുമാർ, ഐഐഡബ്ല്യു കൊച്ചിൻ വൈസ് ചെയർമാൻ പി.ഗോവിന്ദൻകുട്ടി , ജോസ് പി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.