സിഐഐ ഫുഡ് സമ്മിറ്റ് 18 മുതല്‍

Posted on: December 13, 2018

കൊച്ചി : മേയ്‌ഡ് ഇന്‍ കേരള, ഗോയിംഗ് ഗ്ലോബല്‍ എന്ന ആശയവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡിസംബര്‍ 18, 19 തീയതികളില്‍ കൊച്ചിയില്‍ ഫുഡ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. കൊച്ചിയിലെ ലെ മെറീഡിയന്‍ ഹോട്ടലില്‍ വച്ച് നടക്കുന്ന സമ്മേളനം സംസ്ഥാന കാര്‍ഷിക വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ആഫ്രിക്ക, ജര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രഗല്ഭര്‍ പങ്കെടുക്കും.

കേരളത്തിലെ ഭക്ഷ്യ വ്യവസായ മേഖലയെ ആഗോളതലത്തില്‍ ഉയര്‍ത്തി കൊണ്ട് വരിക എന്നതാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യോല്‍പ്പാദനം കൂട്ടുന്നതിന്റെ ഭാഗമായി കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ കൂടുതല്‍ ഭക്ഷ്യ വ്യവസായ ശാലകളും സ്റ്റാര്‍ട്ടപ്പ് കമ്പനികളും തുടങ്ങുന്നതിനാവശ്യമായ എല്ലാ പ്രോത്‌സാഹനവും സമ്മേളനത്തിലൂടെ ഉറപ്പുവരുത്തും.

സമ്മേളനത്തിലൂടെ ചെറുകിട വ്യവസായികള്‍ക്ക് തങ്ങളുടെ ആശയം ഭക്ഷ്യോത്പാദന മേഖലയിലെ വന്‍കിട വ്യവസായികളിലേയ്ക്ക് എത്തിക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്. കൂടാതെ യുവ സംരഭകര്‍ക്കും സ്ത്രീ സംരഭകര്‍ക്കും ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുവാനും സമ്മേളനത്തിലൂടെ സാധിക്കും.

കെല്ലോഗ് ദക്ഷിണാഫ്രിക്കയുടെ മുന്‍ എം ഡിയായ അനുപം ദത്തയുമായുള്ള പ്രത്യേക അഭിമുഖ സംഭാഷണവും സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടും. ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, എന്‍ ഐ എഫ് ടിഇ എം വൈസ് ചാന്‍സിലര്‍ ചിന്തി വാസുദേവപ്പ, സ്പ്രിംഗ് ഫോര്‍ത്ത് സ്ഥാപകനും എം ഡിയുമായ കല്യാണ്‍ ശിവലങ്ക, നിയോജെന്‍ കോര്‍പ്പിന്റെ ഫുഡ്‌സേഫ്റ്റി പ്രോഡക്ട് മാനേജ്‌മെന്റ്ആന്റ്മാര്‍ക്കെറ്റിംഗ്‌വിഭാഗം സീനിയര്‍ ഡയറക്ടര്‍ ചക്ക് ബേര്‍ഡ്, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആര്‍ അജയകുമാര്‍ വര്‍മ്മ, മീറ്റ് പ്രോഡക്ട്‌സ് ഓഫ്‌ ഇന്ത്യ ലിമിറ്റഡ്എം ഡി ഡോ. എ എസ് ബിജുലാല്‍, തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കുമെന്ന് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, സിഐഐ കേരള ഹെഡ് ജോണ്‍ കുരുവിള, ബ്രാഹ്മിന്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു എന്നിവര്‍ പറഞ്ഞു.

TAGS: CII |