ഡിസൈന്‍ ഫെസ്റ്റിവല്‍ : സുസ്ഥിര വികസന സന്ദേശവുമായി ഗ്രീന്‍സ്റ്റോം എക്സിബിഷന്‍

Posted on: December 12, 2018

കൊച്ചി : എല്ലാം രൂപകല്‍പ്പനയിലധിഷ്ഠിതമാണെന്ന് വിളിച്ചോതിക്കൊണ്ട് ബോള്‍ഗാട്ടി പാലസില്‍ ആരംഭിച്ച കൊച്ചി ഡിസൈന്‍ മേളയില്‍ സുസ്ഥിര സൗന്ദര്യത്തിന്റെ സമൃദ്ധിയും നിലനില്‍പ്പുഭീഷണിയുടെ ആശങ്കകളുമായി നേച്ചര്‍ ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി. പ്രളയാനന്തര കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍ നൂതന രൂപകല്‍പ്പനകളും സത്വരപരിഹാരങ്ങളും തേടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈന്‍ ഫെസ്റ്റിവലില്‍ 50 ചിത്രങ്ങളാണ് അനാവരണം ചെയ്തിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിത വിഭാഗമായ യു എന്‍ ഇ പിയുടെ സഹകരണത്തോടെ കൊച്ചി ആസ്ഥാനമായ ബ്രാന്‍ഡിംഗ് സ്ഥാപനം ഓര്‍ഗാനിക് ബിപിഎസ് 2009 മുതല്‍ നടത്തിവരുന്ന ഗ്രീന്‍സ്റ്റോം മത്സരങ്ങളില്‍ മാറ്റുരച്ച 7500-ലേറെ എന്‍ട്രികളില്‍ നിന്ന് 50 ചിത്രങ്ങള്‍ അണിനിരത്തി പ്രശസ്ത സംവിധായകനും ഫോട്ടോഗ്രാഫറുമായ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

ഓരോ ചിത്രത്തിനും ഓരോ കഥ പറയാനുള്ളതുകൊണ്ട് 7500-ലേറെ ഫോട്ടോകളില്‍ നിന്ന് 50 മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയെന്നത് ശ്രമകരമായിരുന്നുവെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു. ഇവ ആസ്വദിക്കുന്നവരുടെ മനസ്സുകളില്‍ പ്രതീക്ഷയുടേയോ ഭീതിയുടേയോ തിരയിളക്കം ഉണ്ടാകുമെന്ന് തീര്‍ച്ച. മനുഷ്യ മനസ്സാക്ഷിയോട് നേരിട്ട് സംവദിക്കുന്ന വൈകാരികമുഹൂര്‍ത്തങ്ങളാണ് ഇവയോരോന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സുസ്ഥിര വികസനം സാക്ഷാത്കരിക്കാന്‍ സര്‍ഗശക്തി ഉപയോഗപ്പെടുത്തുക മാത്രമേ വഴിയുള്ളു എന്ന തിരിച്ചറിവില്‍ നിന്നാണ് ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്റെ പിറവിയെന്ന് മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണന്‍ പറഞ്ഞു. സര്‍ഗശക്തികൊണ്ട് ആളുകളുടെ പെരുമാറ്റരീതികളില്‍ പോസിറ്റീവായ വ്യത്യാസങ്ങളുണ്ടാക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവകേരള നിര്‍മ്മാണത്തില്‍ എങ്ങിനെ ഡിസൈന്‍ മേഖലയെ ഉള്‍പ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് ഡിസൈന്‍ സമ്മേളനമെന്ന ആശയം യാഥാര്‍ത്ഥ്യമാകുന്നത്. സമസ്ത മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര- ആഭ്യന്തര വിദഗ്ധര്‍ സമ്മേളനത്തിനെത്തുന്നുണ്ട്. അവര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നവകേരള നിര്‍മ്മാണത്തിന് അനുയോജ്യമായതെന്ന് കരുതുന്നവ സര്‍ക്കാരിന് സമര്‍പ്പിക്കും. സാങ്കേതിക ഉത്പന്നങ്ങള്‍ ഡിസൈന്‍ പ്രതിഷ്ഠാപനങ്ങളായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡിസൈന്‍ ഡിസ്ട്രിക്ടിലേക്ക് ബോട്ട് സര്‍വ്വീസ് നടത്തും. ബോള്‍ഗാട്ടി ഐലന്‍ഡിലെ ഡിസൈന്‍ സിസ്ട്രിക്ടില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്.