കിയാലില്‍ സര്‍ക്കാര്‍ 175 കോടിയുടെ ഓഹരികൂടിയെടുക്കും

Posted on: December 11, 2018

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ (കിയാല്‍) സംസ്ഥാന സര്‍ക്കാര്‍ 175 കോടി രൂപയുടെ ഓഹരി കൂടിയെടുക്കും. കിയാലിന്റെ മൊത്തം ഓഹരി മൂലധനം 1500 കോടി രൂപയായി വര്‍ധിപ്പിച്ചതിനാലാണ് കൂടുതല്‍ ഓഹരിയെടുക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കമ്പനി 100 കോടിയുടെ ഓഹരി പുതുതായി എടുക്കും.

വിമാനത്താവള റണ്‍വേയുടെ നീളം നാലായിരം മീറ്ററായി വര്‍ധിപ്പിക്കുന്നതടക്കമുള്ള വിപുലപ്പെടുത്തലുകളുടെ സാഹചര്യത്തിലാണ് ഓഹരി മൂലധനം 1000 കോടിയില്‍ നിന്ന് 1500 കോടിയാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന് 35 ശതമാനം ഓഹരിയാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

സര്‍ക്കാര്‍ കിയാലിന് ഉടമസ്ഥാവകാശം കൈമാറിയ 1200 ഏക്കറില്‍പരം സ്ഥലത്തിന്റെ വിലയായി 350 കോടി രൂപ നിശ്ചയിച്ചത്. അത് ഓഹരിയാക്കി മാറ്റിയിരുന്നു. മൂലധനം 1500 കോടി രൂപയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ മൊത്തം ഓഹരി 35 ശതമാനമായി നിലനിര്‍ത്താന്‍ 175 കോടി രൂപ നല്‍കുന്നത്. കിയാലിന് കൂടുതലായി നല്‍കിയ ഭൂമി പാട്ടത്തിനാണ്. അത് പാട്ടത്തില്‍ തന്നെ നിലനിര്‍ത്തി 175 കോടി രൂപ പണമായി തന്നെ നല്‍കണമെന്നാണ് കിയാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റണ്‍വേ നീളം കൂട്ടുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ക്ക് പണം കണ്ടെത്താനാണിത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി പി സി എല്ലിന് 20 ശതമാനം ഓഹരി നിലര്‍ത്താന്‍ 100 കോടി രൂപകൂടി അടക്കണം. ഈ തുക വൈകാതെ അടയ്ക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ധനവിതരണം നടത്തുന്നത് ബി പി സി എല്‍ ആണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപയുടെ 10 ശതമാനം ഓഹരിയുണ്ടായിരുന്നത് ഓഹരി മൂലധനം വര്‍ധിച്ചതോടെ ഏഴര ശതമാനമായി.

TAGS: KIAL |