കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം നാളെ

Posted on: December 8, 2018

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9.55 ന് മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥിയായ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് പതാക വീശുന്നതോടെ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്ര തുടങ്ങും.

ഞായറാഴ്ച രാവിലെ 10 മണിക്കാണ് വിമാന സര്‍വീസ് തുടങ്ങുകയെങ്കിലും ഉദ്ഘാടനച്ചടങ്ങ് എട്ടുമണിക്ക് ആരംഭിഷക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ടുള്‍പ്പെടെയുള്ള കലാപരിപാടികളാണ് ആദ്യം നടക്കുക.

ടെര്‍മിനല്‍ കെട്ടിടത്തില്‍ മുഖ്യമന്ത്രിയും മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് വിളക്കുതെളിച്ച ശേഷമാണ് വിമാനസര്‍വീസിന് കൊടിവീശുക. ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായമന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷത വഹിക്കും. വ്യോമയാന സഹമന്ത്രി ജയന്ത് സിഹ്ന, സംസ്ഥാന മന്ത്രിമാര്‍, എം പി മാര്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികള്‍, മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം, കിയാലിന്റെ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ഉദ്ഘാടനച്ചടങ്ങിനെത്തുന്ന പ്രമുഖ വ്യക്തികള്‍ക്കും ആദ്യയാത്രക്കാര്‍ക്കും വിമാനത്താവളത്തിന്റെ മാതൃക സമ്മാനമായി നല്‍കും. വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിന്റെ മാതൃകയാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്തെ ആര്‍ട്ടിസ്റ്റ് ജിനന്‍ രൂപകല്പന ചെയ്തതാണിത്. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ അബുദാബിയിലേക്കു പോകുന്ന എല്ലാ യാത്രക്കാര്‍ക്കും മാതൃക സമ്മാനിക്കുന്നുണ്ട്.