ദേശീയ വെൽഡിംഗ് സെമിനാർ കൊച്ചിയിൽ

Posted on: December 5, 2018

കൊച്ചി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗ് സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ വെൽഡിംഗ് സെമിനാർ 13 മുതൽ 15 വരെ ബോൾഗാട്ടി പാലസിൽ നടക്കും. ചീഫ് സെക്രട്ടറി ടോം ജോസ് സെമിനാർ ഉദ്ഘാടനം ചെയ്യും. കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായർ മുഖ്യാതിഥിയാകും.

കാൽപ്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് ഡയറക്ടറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിംഗ് ദേശീയ അധ്യക്ഷനുമായ ഡോ. അരുൺകുമാർ ബാദൂരി, ഐ ഐ ഡബ്‌ള്യു കൊൽക്കത്ത സെക്രട്ടറി ജനറൽ പരിമൾ ബിശ്വാസ്, മുംബൈ ഐ ഐ ഡബ്‌ള്യു ഫൗണ്ടേഷൻ ചെയർമാൻ ആർ. ശ്രീനിവാസൻ എന്നിവർ പങ്കെടുക്കും.

മുന്നൂറ്റി അൻപതോളം പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറിൽ ആധുനിക വെൽഡിംഗ് സാങ്കേതികവിദ്യകളെ കുറിച്ച് തൊണ്ണൂറ് പ്രബന്ധങ്ങൾ അവതരിപ്പിക്കും. നൈപുണ്യ വികസനം, ദേശീയ വികസനത്തിൽ വെൽഡിംഗ് സാങ്കേതിക വിദ്യയുടെ പങ്ക് എന്നീ വിഷയങ്ങളിൽ വിവിധ കമ്പനികളുടെ മേധാവികൾ പ്രഭാഷണം നടത്തും. വെൽഡിംഗ് സാങ്കേതികവിദ്യയെ സംബന്ധിച്ച് കേരളത്തിൽ നടക്കുന്ന ആദ്യ ബ്രഹത് സമ്മേളനമാണിത്. വെൽഡിംഗ് സാങ്കേതിക വിദഗ്ധർ, ഗവേഷകർ, വെൽഡിംഗ് തൊഴിലാളികൾ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. വെൽഡിംഗ് മേഖലയിലെ നവീന സാങ്കേതിക വിദ്യയായ റോബോട്ടിക് വെൽഡിംഗ് ഡെമോയും ബോൾഗാട്ടി പാലസിൽ നടക്കും.

ഐ എ ഡബ്ല്യു കൊച്ചിൻ ബ്രാഞ്ച് ചെയർമാൻ ജോസ് പി ഫിലിപ്പ്, കെ. കെ ശിവശങ്കരൻ, പി. ഡി രമേഷ് ബാബു, ജോസഫ് ജോർജ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.