ഗുരുവായൂര്‍ വികസനം : 300 കോടിയുടെ പദ്ധതികള്‍ റിലയന്‍സിന് സമര്‍പ്പിച്ചു

Posted on: November 28, 2018

ഗുരുവായൂര്‍ : ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് മുന്നൂറുകോടി രൂപയുടെ പദ്ധതികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഗുരുവായൂര്‍ ദേവസ്വം സമര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ ക്ഷേത്രദര്‍ശനത്തിന് വന്നപ്പോഴാണ് ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസും അംഗങ്ങളും പദ്ധതികളുടെ രേഖ നല്‍കിയത്.

പദ്ധതികള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താമെന്നും മുകേഷ് അംബാനി ദേവസ്വം ചെയര്‍മാനെ അറിയിച്ചു. ക്ഷേത്രക്കുളത്തിനു കിഴക്കുഭാഗത്തായി 30 കോടി രൂപ ചെലവില്‍ പ്രസാദ ഊട്ടുശാല, 50 കോടിയുടെ മള്‍ട്ടിലെവല്‍ ആശുപത്രി, ദേവസ്വം ജീവനക്കാര്‍ക്കായി 30 കോടി ചെലവില്‍ പുതിയ ഗസ്റ്റ് ഹൗസുകള്‍, 25 കോടി ചെലവിട്ട് ആനക്കോട്ടയുടെയും വേങ്ങാട് ഗോശാലയുടെയും നവീകരണം തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.