സി ഐ ഐ ആഗോള ആയുര്‍വേദ സംഗമം സമാപിച്ചു

Posted on: November 24, 2018

കൊച്ചി : സി ഐ ഐ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള ആയുര്‍വേദ സംഗമം സമാപിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ്. പി. സദാശിവം മുഖ്യാതിഥിയായിരുന്നു. 2025 യോടെ ആയുര്‍വേദം 50,000 കോടിയുടെ വ്യവസായമായി മാറും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാര മാര്‍ഗമായി ആയുര്‍വേദം ആഗോളതലത്തില്‍ മികച്ച സ്ഥാനം നേടി. പരമ്പരാഗത ഇന്ത്യന്‍ ചികിത്സാരീതിയായ ആയുര്‍വേദത്തില്‍ മെഡിക്കല്‍ നയരൂപീകരണത്തില്‍ മികച്ച സ്ഥാനം ലഭിക്കുന്നത് അഭിമാനകരമാണ്. ഗുണമേന്മയും ഡിജിറ്റല്‍ സംവിധാനങ്ങളും മെച്ചപ്പെടുത്തി ആയുര്‍വേദത്തെ മെഡിക്കല്‍ വ്യവസാ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് മാറ്റാന്‍ കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആയുര്‍വേദത്തെ ആധുനികവത്ക്കരിക്കുന്നതില്‍ കേരളത്തിന് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ ആയുര്‍വേദത്തിന് പ്രഥമ പരിഗണനയും പിന്തുണയും നല്‍കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആയുഷ് ഉപദേശകന്‍ ഡോ. ഡി സി കഠോഷ് പറഞ്ഞു. ആഗോള ആയുര്‍വേദ സമ്മേളനം ആയുര്‍വേദ വ്യവസായത്തിന് ഉണര്‍വേകുമെന്ന് വൈദ്യരത്‌നം ഔഷധശാല ഡയറക്ടര്‍ ഡോ. ഇ. ടി നീലകണ്ഠന്‍ മൂസ് പറഞ്ഞു. നയരൂപീകരണം, ബ്രാന്‍ഡിംഗ്, നൈപുണ്യ വികസനം തുടങ്ങി ആയുര്‍വേദത്തിന് ആഗോളതലത്തില്‍ സ്വീകാര്യതയും ബ്രാന്‍ഡിംഗും ലഭിക്കേണ്ട ആവശ്യകത വിവിധ സെഷനുകളില്‍ ചര്‍ച്ച നടന്നു. ആയുര്‍വേദ ഉത്പനങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.