കെ എസ് എഫ് ഇ പ്രവാസിച്ചിട്ടി ഓണ്‍ലൈന്‍ ലേലം തുടങ്ങി

Posted on: November 24, 2018

തിരുവനന്തപുരം : കെ എസ് എഫ് ഇ പ്രവാസിച്ചിട്ടിയുടെ ആദ്യ ഓണ്‍ലൈന്‍ ലേലം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പ്രവാസിച്ചിട്ടികളിലൂടെ വരിസംഖ്യയായി ലഭിക്കുന്ന പണം കേരളത്തിന്റെ വികസനത്തിനു വിനിയോഗിക്കുന്നതിനായി കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണെന്നു മന്ത്രി വ്യക്തമാക്കി. കിഫ്ബി അംഗീകാരം നല്‍കിയ വിവിധ വികസന പരിപാടികള്‍ക്കു വേണ്ടി ചിട്ടികളില്‍ ചേരുന്നതിനുള്ള ക്രമീകരണമാണു നടത്തിയിട്ടുള്ളത്.

72,698 പ്രവാസികള്‍ ഇതിനകം റജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 10,000 പേരുടെ കെവൈസി നടിപടികളും പൂര്‍ത്തിയായി. തീരദേശ ഹൈവേ, വിദ്യാലയ ചിട്ടി, ആരോഗ്യ ചിട്ടി, റോഡുകളും പാലങ്ങളും, ഐടി പാര്‍ക്ക് തുടങ്ങി വിവിധ വികസനപദ്ധതികളില്‍ താത്പര്യപ്പെട്ടാണ് പ്രവാസികള്‍ ചിട്ടിയില്‍ അംഗങ്ങളായിട്ടുള്ളത്. നവംബറില്‍ നറുക്കെടുപ്പു നിശ്ചയിച്ച 22 ചിട്ടികളുടെ സലയ്ക്കു തുല്യമായ 77.2 ലക്ഷം രൂപ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

ഒക്‌ടോബറില്‍ വരിസംഖ്യ സ്വീകരിച്ചുതുടങ്ങിയ പ്രവാസിച്ചിട്ടികളോടു വിദേശത്തു കഴിയുന്ന മലയാളികുടെ പ്രതികരണം ആവേശകരമാണെന്നും തോമസ് ഐസക് പറഞ്ഞു. 2.42 കോടി രൂപ ഇതിനകം വരിസംഖ്യയായി ലഭിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തിന്റെ ചിട്ടി പ്രവാസി മലയാളിയായ കള്ളിക്കാട് സ്വദേശി അജീഷ് വര്‍ഗീസ് നിലങ്കാവില്‍ കരസ്ഥമാക്കി.

ചിട്ടികളില്‍ ചേര്‍ന്നു പണം അടയ്ക്കുന്നതു മുതല്‍ ലേലം വരെയുള്ള നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ്. മറ്റു രാജ്യങ്ങളില്‍ ഇരുന്നുകൊണ്ടുതന്നെ നിശ്ചിത സമയത്തു ചിട്ടി വരിക്കാരന് ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുക്കാനാകും. തിരുവനന്തപുരത്തു തമ്പാനൂരിലുള്ള കെ എസ് എഫ് ഇ എന്‍ ആര്‍ ഐ ബിസിനസ് സെന്ററില്‍ വെര്‍ച്വല്‍ റജിസ്‌ട്രേഷന്‍ ഓഫീസും ആരംഭിച്ചിട്ടുണ്ട്. 53 ചിട്ടികളാണ് പ്രവാസികള്‍ക്കായി അവതരിപ്പിക്കുന്നതെന്നു ചെയര്‍മാന്‍ പീലിപ്പോസ് തോമസ് അറിയിച്ചു.