ക്രെഡായ് കേരള സംസ്ഥാന സമ്മേളനം കൊച്ചിയില്‍

Posted on: November 20, 2018

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന ഘടകമായ ക്രെഡായ് കേരളയുടെ സംസ്ഥാന സമ്മേളനം നവംബര്‍ 23, 24 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. 23 ന് രാവിലെ 9.30 ന് മുന്‍ കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്രെഡായ് ദേശീയ പ്രസിഡണ്ട് ജാക്സി ഷാ മുഖ്യപ്രഭാഷണം നടത്തും. ക്രെഡായ് കേരള ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയ, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ എം. വി ആന്റണി, ദക്ഷിണേന്ത്യന്‍ ഉപാധ്യക്ഷന്‍ ശിവ റെഡ്ഢി, ജെ എല്‍ എല്‍ ഇന്ത്യ സി ഇ ഒയും കണ്‍ട്രി ഹെഡുമായ രമേശ് നായര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

പ്രൊഫഷണല്‍ സേവന സ്ഥാപനമായ ജെ എല്‍ എല്‍ ആണ് സമ്മേളനത്തിന്റെ നോളജ് പാര്‍ട്ണര്‍. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ജെ എല്‍ എല്‍ തയാറാക്കിയ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് സാങ്കേതിക സെഷനുകള്‍ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് റിയല്‍ എസ്റ്റേറ്റ് രംഗത്തെ നവീന സാങ്കേതികവിദ്യയായ ത്രീ ഡി വിഷ്വലൈസേഷനും ഇല്ലസ്‌ട്രേഷനും സംബന്ധിച്ച പ്രത്യേക സെഷന്‍ നടക്കും.

രണ്ടാം ദിവസം രാവിലെ പത്തരയ്ക്ക് നിര്‍മാണ രംഗത്തെ ട്രെന്‍ഡുകളെയും സാധ്യതകളെയും കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ അമേരിക്കന്‍, ഇന്ത്യന്‍ ആര്‍ക്കിടെക്റ്റും പ്ലാനറുമായ ക്രിസ്റ്റഫര്‍ ചാള്‍സ് ബെനിഗര്‍ പങ്കെടുക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനേഴ്‌സ് ഓഫ് കേരള സെക്രട്ടറി കൊച്ചുതൊമ്മന്‍ മാത്യു മോഡറേറ്ററാകും. ഉച്ചയ്ക്ക് 12 മണിക്ക് മുംബൈ ഡബ്ബാവാലകളെ കുറിച്ചുള്ള കഥകള്‍ പുറംലോകത്തെ അറിയിച്ച ഡോ. പവന്‍ അഗര്‍വാള്‍ പങ്കെടുക്കുന്ന പ്രത്യേക സെഷന്‍ നടക്കും. ന്യൂ ഇന്ത്യ സമ്മിറ്റിനെ കുറിച്ചുള്ള പ്രഖ്യാപനവും രണ്ടാം ദിനത്തില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സമാപന സമ്മേളനം നടക്കും.

തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ചാപ്റ്ററുകളില്‍ നിന്നായി മുന്നൂറ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സി ഐ ഐ, ബായ്, കെ എം എ, ഐ എ എ, ഐ പി എ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് നൂറ് പ്രതിനിധികളും പങ്കെടുക്കും. മാറ്റങ്ങളെ സ്വീകരിക്കുക, വിജയത്തെ പുനര്‍നിര്‍വചിക്കുക – എംബ്രസിംഗ് ചേഞ്ച്, റീഡിഫൈനിംഗ് സക്സസ് എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ വിഷയം. റിയല്‍എസ്റ്റേറ്റ്, സാമ്പത്തിക, മാര്‍ക്കറ്റിംഗ് രംഗത്ത് നിന്നുള്ള പ്രമുഖരും പ്രഭാഷകരും ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കും. ത്രീ ഡി പ്രിന്റിംഗ്, ത്രീ ഡി കാസ്റ്റിംഗ് തുടങ്ങിയ നവീന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള പ്രത്യേക സെഷനുകളും ഇത്തവണ സമ്മേളനത്തില്‍ ഉണ്ടാകും.

TAGS: Credai | CREDAI Kerala |