ഫ്രങ്ക്ഫര്‍ട്ടിലെ ബിസിനസ് അവസരങ്ങള്‍ : ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on: November 7, 2018

കൊച്ചി : ജര്‍മനിയിലെ നിക്ഷേപാവസരങ്ങളെക്കുറിച്ചു കൊച്ചിയില്‍ നടത്തിയ ശില്‍പ്പശാല ആഗോള തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് പിന്തുണയായി. ഫ്രങ്ക്ഫര്‍ട്ടിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ജര്‍മനിയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ശില്‍പശാല. ഫ്രങ്ക്ഫര്‍ട്ട് റെയിന്‍ മെയില്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, കേരളാ ആന്റ് ഹെസ്സെന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവ ചേര്‍ന്നാണു ശില്‍പ്പശാല സംഘടിപ്പിച്ചത്.

ജര്‍മനിയില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറെ സഹായകരമാകുന്നൊരു പ്രവേശന കേന്ദ്രമാണ് ഫ്രാങ്ക്ഫര്‍ട്ട് റെയിന്‍ മെയിന്‍ മേഖല. പ്രമുഖ നിക്ഷേപ മേഖലകള്‍, മുഖ്യ ബിസിനസുകാര്‍. ജര്‍മനിയിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചിരുന്നു. 8500 ഇന്ത്യക്കാരും 135 ഇന്ത്യന്‍ കമ്പനികളുമാണ് ഇപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

ഫ്രാങ്ക്ഫര്‍ട്ട് റെയിന്‍ മെയിനിന്റെ നീക്കങ്ങളെ സി.ഐ.ഐ. കേരളാ ചെയര്‍മാന്‍ എസ്. സജികുമാര്‍ സ്വാഗതം ചെയ്തു. തങ്ങളുടെ അംഗ സ്ഥാപനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കാനായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സി.ഐ.ഐ. കേരളാ ഘടകത്തിന് ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക സ്ഥിരത, പുതുമകള്‍ കണ്ടെത്തല്‍, സാംസ്‌ക്കാരിക മൂല്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഏറെ സാമ്യങ്ങളുള്ള മേഖലകളാണ് കേരളവും ഫ്രാങ്ക്ഫര്‍ട്ടുമെന്ന് മുഖ്യാതിഥിയായിരുന്ന ജര്‍മനി ഹോണററി കോണ്‍സല്‍ ഡോ. സെയ്ദ് ഏബ്രാഹിം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള കേരളത്തിന് കഴിവുള്ള തൊഴില്‍ ശക്തി പ്രദാനം ചെയ്യാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: CII |