ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ് 15 മുതല്‍

Posted on: November 1, 2018

കൊച്ചി : ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെ നടക്കുന്നു. ഷോപ്പിംഗ് ഉത്സവിന്റെ ലോഗോ പ്രകാശനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. നാലു കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മെഗാസമ്മാനം ഒരു കോടിയുടെ ഫ്‌ളാറ്റാണ്. സമ്മാനകൂപ്പണുകളും വീട്ടുപകരണങ്ങളും അടക്കമുള്ള ആയിരത്തില്‍പ്പരം സമ്മാനങ്ങളാണ് ദിവസേന ഭാഗ്യശാലികളെ തേടിയെത്തുക.

ആയിരം രൂപയ്‌ക്കോ അതിലധികമോ ഉള്ള തുകയ്ക്ക് കേരളത്തിലെവിടെ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. ജി എസ് ടി പ്രകാരമുള്ള ബില്ലിന്റെ ചിത്രം പ്രത്യേക വാട്ട്‌സാപ്പ് നമ്പരിലേക്ക് അയച്ചാല്‍ മതി. പേരും വിലാസവും മൊബൈല്‍ നമ്പരും ബില്‍ നമ്പരും രേഖപ്പെടുത്താനുളള രീതിയിലായിരിക്കും ഇതിനുള്ള മറുപടി സന്ദേശം ലഭിക്കുക. ബില്ലയക്കേണ്ട വാട്ട്‌സപ്പ് നമ്പരുകള്‍ പിന്നീട് പ്രഖ്യാപിക്കും.

വ്യാപാരങ്ങള്‍ ശക്തിപ്രാപിക്കുന്നത് നികുതിയിനത്തില്‍ സര്‍ക്കാരിന്റെ വരുമാനം കൂട്ടും. പ്രളയം നഷ്ടപ്പെടുത്തിയ സാധനങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീയുമായിച്ചേര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന വായ്പയിലെ ആയിരം കോടി രൂപ വിപണിയിലെത്തുമെന്നതാണ് കണക്കുകൂട്ടല്‍. ഷോപ്പിംഗ് ഉത്സവത്തിന്റെ പൊലിമ കൂട്ടാന്‍ വിവിധ ബ്രാന്‍ഡുകള്‍ വിലക്കുറവും വന്‍ ഓഫറുകളും നല്‍കും.