കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ലേണര്‍ അവാര്‍ഡ് ആറ് മലയാളി വിദ്യാര്‍ഥികള്‍ക്ക്

Posted on: October 29, 2018

കൊച്ചി : കേംബ്രിഡ്ജ് ഇന്റര്‍നാഷണലിന്റെ 2017-18ലെ കേംബ്രിഡ്ജ് ലേണര്‍
അവാര്‍ഡിന് അര്‍ഹരായ 210 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ആറ് മലയാളി വിദ്യാര്‍ഥികള്‍. തിരുവനന്തപുരം ലയ്‌കോള്‍ ചെമ്പക ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നവീന്‍ കിഷോര്‍ കുമാര്‍ മാത്തമാറ്റിക്‌സിലും ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അഞ്ജലി നായര്‍ ബയോളജിയിലും കൊച്ചിയിലെ ജി പി എസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ ജനനി ലക്ഷ്മി മഹാദേവന്‍ ഹിസ്റ്ററിയിലും നവനീത രാജീവ് സോഷ്യോളജിയിലും നീന മാത്യു ട്രാവല്‍ ആന്റ് ടൂറിസത്തിലും കോഴിക്കോട് സദ്ഭാവന വേള്‍ഡ് സ്‌കൂളിലെ ലിന്‍ത സലീം എക്കണോമിക്‌സിലും അവാര്‍ഡുകള്‍ നേടി.

ടോപ് ഇന്‍ ദ വേള്‍ഡ്, ടോപ് ഇന്‍ ദ കണ്‍ട്രി, ഹൈ അച്ചീവ്‌മെന്റ്, ബെസ്റ്റ് എക്രോസ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. നവീന്‍ കിഷോര്‍ കുമാര്‍ ടോപ് ഇന്‍ ദ വേള്‍ഡ് വിഭാഗത്തിലും അഞ്ജലി നായര്‍, ജനനി ലക്ഷ്മി മഹാദേവന്‍, ലിന്‍ത സലിം എന്നിവര്‍ ടോപ് ഇന്‍ ദ കണ്‍ട്രി വിഭാഗത്തിലും അവാര്‍ഡ് നേടിയപ്പോള്‍ നവനീത രാജീവ്, നീന മാത്യു എന്നിവര്‍ ഹൈ അച്ചീവ്‌മെന്റ് അവാര്‍ഡ് സ്വന്തമാക്കി.

ഇന്ത്യയിലാകെ 62 വിദ്യാര്‍ഥികള്‍ ടോപ് ഇന്‍ ദ വേള്‍ഡ്, 94 വിദ്യാര്‍ഥികള്‍ ടോപ് ഇന്‍ ദ കണ്‍ട്രി, 44 വിദ്യാര്‍ഥികള്‍ ഹൈ അച്ചീവ്‌മെന്റ്, 10 വിദ്യാര്‍ഥികള്‍ ബെസ്റ്റ് എക്രോസ് അവാര്‍ഡുകള്‍ നേടി. 2017 നവംബറിലും 2018 മാര്‍ച്ച്, ജൂണ്‍ മാസങ്ങളിലും കേംബ്രിഡ്ജ് നടത്തിയ ഐ ജി സി എസ് ഇ, എ എസ് ആന്റ് എസ് ആഗോള പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളാണ് ടോപ് ഇന്‍ ദ വേള്‍ഡ് അവാര്‍ഡിന് അര്‍ഹരായത്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഇന്ത്യയിലെ കേംബ്രിഡ്ജ് വിദ്യാര്‍ഥികളുടെ പ്രകടനം ആവേശകരമാണെന്നും
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അഭിനന്ദനമറിയിക്കുന്നതായും കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ റീജനല്‍ ഡയറക്ടര്‍ രുചിര ഘോഷ് പറഞ്ഞു. ഇന്ത്യയിലെ 450 സ്‌കൂളുകള്‍ കേംബ്രിഡ്ജ് അംഗീകാരം നേടിയിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലാകെയും കേംബ്രിഡ്ജ് അംഗീകാരമുള്ള സ്‌കൂളുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് അവര്‍ അറിയിച്ചു.