ആഗോള ആയുർവേദ ഉച്ചകോടി നവംബർ 21 മുതൽ

Posted on: October 6, 2018

കൊച്ചി : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന ആഗോള ആയുർവേദ ഉച്ചകോടി നവംബർ 21 മുതൽ 23 വരെ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. സ്റ്റാർട്ടപ്പുകൾ, സംരംഭകത്വം, ബ്രാൻഡിംഗ് എന്നിവയിലൂടെ ആയുർവേദത്തെ മുഖ്യധാരയിൽ സജീവമാക്കി 2025 ഓടെ 50,000 കോടി രൂപ വിറ്റുവരവുള്ള വ്യവസായമാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഇതിനായി ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആയുർ സ്റ്റാർട്ടപ്പ് 2018 മത്സരങ്ങളും ഉച്ചകോടിയുടെ ഭാഗമായി നടത്തും.

ആയുർവേദത്തിനായി ഒരു ആഗോള വിപണി സൃഷ്ടിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരളാ ഘടകം ചെയർമാനും ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്ടറുമായ ഡോ. സജികുമാർ പറഞ്ഞു.

പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണത്തിൽ ആയുർവേദത്തിനു വലിയ പങ്കു വഹിക്കാനുണ്ടെന്നും ഡോ. സജികൂമാർ ചൂണ്ടിക്കാട്ടി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് മറ്റു സംഘടനകളുമായി ചേർന്ന് നിരവധി ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നതായി ഡോ. സജികുമാർ ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം നിർവഹിച്ചു. ബിഫ ഡ്രഗ് ലബോറട്ടറീസ് മാനേജിംഗ് ഡയറക്ടർ അജയ് ജോർജ്ജ് വർഗീസ്, ദേശീയ ആയുഷ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. എം. സുഭാഷ്, കേരളാ സ്റ്റാർട്ടപ് മിഷൻ സിഇഒ സജി ഗോപിനാഥ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. രാജു തോമസ്, ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലിൽ, ആയുർവേദ മെഡിസിൻ മാനുഫാക്ടേഴ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ വർക്കിംഗ് പ്രസിഡന്റ് ജോയച്ചൻ കെ. എരിഞ്ചേരി ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിന്റെ പുനർ നിർമാണത്തിൽ ആയുർവേദത്തിനു വഹിക്കാനുള്ള പങ്കിനെക്കുറിച്ചുള്ള ശിൽപ്പശാലയിൽ കോട്ടക്കൽ ആര്യവൈദ്യശാല ജനറൽ മാനേജർ പി രാജേന്ദ്രൻ സോമതീരം ഡയറക്ടർ ബിജു ജോർജ്, കേരള ആയുർവേദ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ അനിൽകുമാർ, പുനർനവ ആയുർവേദ സിഎംഡി എ.എം. അൻവർ എന്നിവർ സംസാരിച്ചു.