ലയൺസ് ക്ലബ് ഇന്റർനാഷണൽ 500 വീടുകൾ നിർമ്മിച്ചു നൽകും

Posted on: September 11, 2018

തൃശൂർ : ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷൻ കേരളത്തിലെ പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുവാൻ അഞ്ഞൂറ് വീടുകൾ നിർമ്മിച്ചു നൽകും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രളയദുരന്തം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചതിനുശേഷമാണ് ഫൗണ്ടേഷൻ ചെയർമാൻ നരേഷ് അഗർവാൾ, ട്രസ്റ്റി വിജയകുമാർ രാജു എന്നിവർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഭവന നിർമ്മാണത്തോടൊപ്പം തകർന്നുപോയ സ്‌കൂൾ കെട്ടിടങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവയും നിർമ്മിക്കും.

സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഭരണാനുമതി ലഭിച്ച് സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കേരളത്തിലെ 645 ലയൺസ് ക്ലബുകൾ ഇതിനോടകം പത്ത് കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഏകദേശം ഇത്രയും തുകയുടെ സാധന സാമഗ്രികൾ കേരളത്തിനു പുറത്തുള്ള ലയൺസ് ക്ലബുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആദ്യഘട്ട സഹായമെന്ന രീതിയിൽ ലയൺസ് ഫൗണ്ടേഷൻ ഒരു ലക്ഷം അമേരിക്കൻ ഡോളർ നൽകിയിരുന്നു. ചാലക്കുടി ലയൺസ് ക്ലബ് പ്രസിഡന്റ് ജെയിൻ ചിറ്റിലപ്പിള്ളി സംഭാവനയായി നൽകുന്ന ഇരുപത് സെന്റ് സ്ഥലത്ത് ഫൗണ്ടേഷൻ മൂന്ന് നില ഫ്‌ളാറ്റ് നിർമ്മിച്ച് ഇരുപത് കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ മുൻ ഇന്റർനാഷണൽ ഡയറക്ടർമാരായ ആർ. മുരുകൻ, കെ.ജി. രാമകൃഷ്ണമൂർത്തി, മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ കെ. സുരേഷ്, വി.പി. നന്ദകുമാർ, ഡിസ്ട്രിക്റ്റ് ഗവർണർമാരായ എ.വി.വാമനകുമാർ, കെ.എ. തോമസ്, ഇ.ഡി.ദീപക്, ഗണേശൻ കണിയാറക്കൽ, മുൻ ഗവർണർമാരായ ജോൺ കാച്ചപ്പിള്ളി, എം. ശിവാനന്ദൻ, വി. അമർനാഥ്, സി.ജി. ശ്രീകുമാർ, രാജൻ എൻ. നമ്പൂതിരി എന്നിവർ പങ്കെടുത്തു.