മഴക്കെടുതി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും വി ഗാർഡ് സ്ഥാപനങ്ങളും ചേർന്ന് 3 കോടി രൂപ നൽകും

Posted on: August 19, 2018

കൊച്ചി : സംസ്ഥാനത്തെ പ്രളയബാധിതർക്ക് സാന്ത്വനമേകാൻ കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും, വി.ഗാർഡ് ഗ്രൂപ്പ് സ്ഥാപനങ്ങളും ചേർന്ന് 3 കോടി രൂപ നൽകും. വി ഗാർഡ്, വി സ്റ്റാർ, വണ്ടർലാ ഹോളിഡേയ്‌സ്, വീഗാലാൻഡ് ഡെവലപ്പേഴ്‌സ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും മാനേജ്‌മെന്റിന്റെ സംഭാവനയും ചേർത്ത് സമാഹരിക്കുന്ന 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകും.

കൂടാതെ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഭവന സഹായ പദ്ധതിയിൽപ്പെടുത്തി ജില്ലാ ഭരണകൂടം തെരഞ്ഞെടുക്കുന്ന 500 വീടുകളുടെ അറ്റകുറ്റപണികൾക്ക് 50000 രൂപ വീതവും നൽകും. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇതുവരെ 750 ഭവനങ്ങൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. കേരളം സമീപകാലത്തൊന്നും നേരിടാത്ത മഴക്കെടുതിയിലൂടെ കടന്നു പോകുമ്പോൾ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയും ഉത്തരവാദിത്വവുമാണെന്ന് ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.