അദീബ് അഹമ്മദ് കൊച്ചി-മുസരിസ് ബിനാലേയ്ക്ക് ഒരു കോടി രൂപ നൽകി

Posted on: August 7, 2018

കൊച്ചി : അബുദാബിയിലെ ലുലു ഫിനാഷ്യൽ ഗ്രൂപ്പിന്റെ അദീബ് അഹമ്മദ് ഡിസംബർ 12 മുതൽ ആരംഭിക്കുന്ന കൊച്ചി-മുസരിസ് ബിനാലേയുടെ നാലാം പതിപ്പിന് ഒരു കോടി രൂപ നൽകി. കൊച്ചി-മുസരിസ് ബിനാലേയെ പിന്തുണക്കാൻ ലഭിച്ച ഈ അവസരത്തിൽ താൻ ഏറെ ആഹ്ലാദവാനാണെന്ന് ലുലു ഫിനാഷ്യൽ ഗ്രൂപ്പ്, ടേബിൾസ്, ട്വന്റി 14 ഹോൾഡിങ്‌സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയുടെ കലാ-സാംസ്്ക്കാരിക പശ്ചാത്തലം വികസിപ്പിക്കുന്നതിൽ ബിനാലെ ഫൗണ്ടേഷൻ മികച്ച സംഭാവനയാണു നൽകുന്നതെന്നും അതിനു പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

കലയും കലാകാരൻമാരും മാത്രമുൾപ്പെട്ട ഒന്നല്ല കൊച്ചി ബിനാലെ. കലയും സമൂഹവും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും അതിനെ എളുപ്പത്തിൽ മനസിലാക്കുന്നതിനുമുള്ള നീക്കങ്ങളാണ് വർഷങ്ങളായി നടത്തി വരുന്നത്. ഫൗണ്ടേഷൻ പ്രദർശിപ്പിച്ചിരിക്കുന്ന ഇൻസ്റ്റലേഷനുകൾ ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. ഈയൊരു ചരിത്രത്തിന്റെ ഭാഗമാകുന്നതിൽ ഏറെ ആവേശ ഭരിതനാണെന്നും 2018 ൽ ഈ നീക്കങ്ങൾ കൂടുതൽ വിപുലമാകുന്നതിനു കാത്തിരിക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

അദീബ് അഹമ്മദിന്റെ സംഭാവന ബിനാലെയുടെ വളർച്ചയ്ക്ക് ചാലക ശക്തിയാകുമെന്ന് കെ.ബി.എഫ്. പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌ക്കാരിക പശ്ചാത്തലം മൊത്തത്തിലും കേരളത്തിന്റേതു പ്രത്യേകമായും മാറ്റിമറിക്കുന്നതാണ് ബിനാലെയെന്ന് ബോസ് കൃഷ്ണമാചാരി കൂട്ടിച്ചേർത്തു.

കൊച്ചി-മുസരീസ് ബിനാലെയ്ക്കു ലഭിക്കുന്ന കോർപറേറ്റ് പിന്തുണയുടെ മറ്റൊരു മുന്നേറ്റമാണ് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നതെന്ന് സംഭാവന സ്വാഗതം ചെയ്തു കൊണ്ട് കെ.ബി.എഫ്. സെക്രട്ടറിയും പ്രമുഖ കലാകാരനുമായ റിയാസ് കോമു പറഞ്ഞു.

അനിതാ ദുബെ ക്യൂറേറ്റു ചെയ്യുന്ന കൊച്ചി-മുസരിസ് ബിനാലെയുടെ നാലാമതു പതിപ്പ് 2018 ഡിസംബർ 12 മുതൽ 2019 മാർച്ച് 29 വരെയാണ്.