കരിപ്പൂരില്‍ നിന്ന് 31-നകം വലിയ വിമാനങ്ങള്‍ക്ക് അനുമതി

Posted on: July 24, 2018

ന്യൂഡല്‍ഹി : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് വീണ്ടും തുടങ്ങുന്നത് സംബന്ധിച്ച് ജൂലായ് 31- നകം തീരുമാനമെടുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ് കുള്ളര്‍ കേരള എം.പിമാരെ അറിയിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ് എന്നിവരാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറിലെ സന്ദര്‍ശിച്ച്  വിഷയം ചര്‍ച്ച ചെയ്തത്. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുന:സ്ഥാപിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷനും കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ പ്രാഥമിക പഠനം നടത്തിയപ്പോള്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സാങ്കേതിക തടസ്സങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നതായി എം.പിമാര്‍ ചൂണ്ടിക്കാട്ടി. ആര്‍.ബി 777- 200 ഇ.ആര്‍.ആര്‍, ആര്‍.ബി, 777-300 ഇ.ആര്‍, ആര്‍.ബി 787-800 ഡ്രീം ലൈനര്‍, എ 330-300 എന്നീ വിമാനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

2017 ഡിസംബറില്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിക്കുകയും കരിപ്പൂരിലേക്ക് വലിയ-ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ഡി.ജി.സി.എയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സൗദി അറേബ്യയിലെ വിവിധ വിമാനക്കമ്പനികള്‍ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ മൂന്നാമതുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ ജിദ്ദയിലേക്ക് നേരിട്ട് വിമാനങ്ങളില്ലാത്തതിനാല്‍ തീര്‍ഥാടകര്‍ മറ്റിടങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് പ്രായമേറിയവര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.

TAGS: Karipur Airport |