ഒബ്‌റോൺ മാളിന് 10 വയസ് ; ആഘോഷ പരിപാടികൾ നാളെ മുതൽ

Posted on: April 6, 2018

കൊച്ചി : കേരളത്തിലെ ആദ്യ ഷോപ്പിംഗ് മാളായ ഒബ്‌റോൺ മാളിന്റെ പത്താം വാർഷികാഘോഷ പരിപാടികൾ ഏപ്രിൽ ഏഴിന് വൈകുന്നേരം 5 ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്യും. പത്താം വാർഷിക ആഘോഷത്തിന്റെ ലോഗോയുടെയും കൊച്ചിക്കുവേണ്ടി ഒബ്‌റോൺ മാൾ സമർപ്പിക്കുന്ന തീം സോംഗിന്റെ റിലീസും ജില്ലാ കളക്ടർ നിർവഹിക്കും.
.
പത്താം വാർഷികാഘോഷം 150 ദിവസം നീണ്ടുനിൽക്കുന്ന മികച്ച ഷോപ്പിംഗ് അനുഭവമാക്കുവാനുള്ള തയാറെടുപ്പിലാണ് മാൾ അധികൃതർ. എൽഇഡി ടിവികൾ, സ്മാർട്ട് ഫോണുകൾ, വാച്ചുകൾ കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും എല്ലാ ആഴ്ചകളിലും, എല്ലാ മാസങ്ങളിലും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് നൽകും. മെഗാ ബംബർ സമ്മാനങ്ങളായി ജീപ്പ് കോംപസ് കാർ, ബജാജ് എൻഎസ് 200 ബൈക്കുകളുമാണ് നൽകുന്നത്.

ഏപ്രിൽ 8 മുതൽ 15 വരെ യുള്ള കാലയളവിൽ 3000 രൂപയ്ക്കുമുകളിൽ പർച്ചേസ് നടത്തുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളും നൽകും. കൂടാതെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകൾ, വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകർ, ആരോഗ്യ മേഖലയിലെ പ്രവർത്തകർ, പബ്ലിക് ട്രാൻസ്‌പോർട്ട് ജീവനക്കാർ, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിങ്ങനെ 5 വ്യത്യസ്ത മേഖലകളിലെ 10 വീതം വ്യക്തിത്വങ്ങളെ ആദരിക്കുമെന്നും മാനേജിംഗ് ഡയറക്ടർ എം. എം. സുഫൈർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒബ്‌റോൺ മാൾ സെന്റർ മാനേജർ ജോജി ജോൺ, മാർക്കറ്റിംഗ് മാനേജർ റിന്റു ആന്റണി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS: Oberon Mall |