സർക്കാരും ജനങ്ങളുമായി ആശയവിനിമയം നടക്കുന്നില്ല: എം. പി ജോസഫ്

Posted on: March 29, 2018

കൊച്ചി : സർക്കാരും ജനങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടക്കുന്നില്ലെന്ന് യു എൻ മുൻ ഉദ്യോഗസ്ഥനും മുൻ സംസ്ഥാന ലേബർ കമ്മീഷണറുമായ എം. പി. ജോസഫ് ഐ എ എസ്. സർക്കാർ നയങ്ങളോ ആശയങ്ങളോ ആനുകൂല്യങ്ങളോ പലപ്പോഴും താഴെത്തട്ടിൽ എത്തുന്നില്ല. ആശയവിനിമയത്തിന് കൃത്യമായ മാർഗങ്ങൾ തെരഞ്ഞെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പി ആർ സി ഐ) കേരള ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സർക്കാർ തലത്തിൽ ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണം. പി ആർ സി ഐയെ പോലെയുള്ള ഏജൻസികൾ അതിനു മുൻകൈ എടുക്കണം. സമൂഹ മാധ്യമങ്ങളാണ് ആശയവിനിമയത്തിന് ഏറ്റവും ഫലപ്രദം. എന്നാൽ നമ്മുടെ സർക്കാരുകൾ ഇത്തരം മാധ്യമങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല. താഴെട്ടതിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പലപ്പോഴും ഭരണതലത്തിൽ എത്തുന്നില്ല. ആശയവിനിമയത്തിൽ പോരായ്മയാണ് ഇതിന് കാരണം. പ്രധാനമന്ത്രിയുടെ മൻ കീ ബാത് പരിപാടി നല്ല മാതൃകയാണ്. ഫലപ്രദമായി ആശയവിനിമയം നടത്തിയാൽ മാത്രമേ നല്ല ഭരണം കാഴ്ച വെയ്ക്കാൻ കഴിയൂ എന്നും ജോസഫ് ചൂണ്ടിക്കാട്ടി.

പി ആർ സി ഐ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കേരള ചാപ്റ്റർ സെക്രട്ടറി ടി. വിനയ്കുമാർ, ദേശീയ ജോയിന്റ് സെക്രട്ടറി പി. കെ നടേഷ്, രാജ്യാന്തര ഡയറക്ടർ സുനിൽ കണ്ണത്ത് എന്നിവരെ യോഗം അഭിനന്ദിച്ചു. കേരള ചാപ്റ്റർ ചെയർമാൻ യു. എസ് കുട്ടി, ടി. വിനയ്കുമാർ, പി. കെ നടേഷ്, ജിബി സദാശിവൻ എന്നിവർ സംസാരിച്ചു.

TAGS: PRCI |