പുഷ് മോഷൻ പിക്ച്ചർ കമ്പനി – എയോൺ എന്റർടെയ്ൻമെന്റ് കൺസോർഷ്യത്തിന് തുടക്കമായി

Posted on: January 19, 2018

പുഷ് മോഷൻ പിക്ച്ചർ കമ്പനിയുടെയും എന്റർടെയിൻമെന്റ് കൺസോർഷ്യത്തിന്റെയും പ്രഖ്യാപനം കൊച്ചിയിൽ പുഷ് ചെയർമാനും സിഇഒയുമായ ശ്രീകുമാർ മേനോൻ നടത്തുന്നു. എയോൺ എന്റർടെയിൻമെന്റ് ഡയറക്ടർ കെ. വി മുകുന്ദൻ, സിഇഒ തോമസ് സെബാസ്റ്റ്യൻ, പുഷ് മോഷൻ ഫിനാൻസ് ഡയറക്ടർ വിമൽ വേണു, ചീഫ് ഓപറേറ്റിംഗ് ഓഫീസർ രാജേഷ് നായർ എന്നിവർ സമീപം.

കൊച്ചി : ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ച് പുഷ് ഇന്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസും എയോൺ ഇൻഫ്രാസ്ട്രക്ച്ചറും ചേർന്ന് രൂപം നൽകിയ എന്റർടെയ്ൻമെന്റ് കൺസോർഷ്യമായ പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർടെയ്ൻമെന്റ് നിലവിൽ വന്നു. പരസ്യകല, ബ്രാൻഡിംഗ്, സ്ട്രാറ്റജിക് കൺസൾട്ടിംഗ്, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ ഈവന്റസ്, സെലിബ്രിറ്റി മാനേജ്മെൻറ്, എന്റർടെയ്ൻമെന്റ് ഇൻഫ്രാസ്ട്രക്ച്ചർ വികസന മേഖലകളിൽ പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങൾ ചേർന്ന് സിനിമ നിർമാണത്തിനും വിതരണത്തിനുമായി ഒരു കൺസോർഷ്യം രൂപീകരിച്ച് പ്രവർത്തിക്കുന്നത് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ നാളായി വിനോദ മേഖല ആവശ്യപ്പെട്ടു വന്ന ഒരു മാറ്റത്തിൻറെ തുടക്കമാണ് പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർടെയ്ൻമെന്റ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബ്രാൻഡ് കൺസൾട്ടിംഗ്, ബ്രാൻഡ് ഡെവലപ്‌മെൻറ്, ഡിസൈൻ, ബിസിനസ് കൺസൾട്ടിംഗ്, പി ആർ, ഇവന്റ്‌സ്, സെലിബ്രിറ്റി മാനേജ്മെൻറ്, ഡിജിറ്റൽ മേഖലകളിൽ സജീവ സാന്നിധ്യമാണ് പുഷ് ഇൻറ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുഷ് പടിപടിയായി വളർന്ന് യു എ ഇ ഉൾപ്പടെയുള്ള മിന രാജ്യങ്ങൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ആഗോള വിപണി കീഴടക്കിയ പ്രമുഖ ബ്രാൻഡുകളെല്ലാം പുഷ് ക്ലയൻറ് പോർട്ട് ഫോളിയോയിലുണ്ട്. രാജ്യത്തിനകത്തും പുറത്തും നിരവധി പദ്ധതികളിൽ നിക്ഷേപം നടത്തി വിജയം നേടിയിട്ടുള്ള അടിസ്ഥാനസൗകര്യ വികസന സ്ഥാപനമാണ് എയോൺ ഇൻഫ്രാസ്ട്രക്ച്ചർ.

പുഷ് ഇൻറ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ് ചെയർമാനും സ്ഥാപകനുമായ വി.എ ശ്രീകുമാർ മേനോൻ പരസ്യ, ഫീച്ചർ ഫിലിം മേഖലകളിലെ അതികായനാണ്. ഇപ്പോൾ സിനിമാരംഗത്തെ രണ്ട് വമ്പൻ പ്രോജക്ടുകൾ സംവിധാനം ചെയ്ത് കൊണ്ട് സിനിമാരംഗത്തും ശക്തമായ സാന്നിധ്യം അദ്ദേഹം അറിയിച്ചു കഴിഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ബ്രാൻഡുകളുടെ എഴുനൂറിലേറെ പരസ്യ ചിത്രങ്ങളാണ് ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ളത്.

മോഹൻലാൽ നായകനായ ഒടിയൻ സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് ശ്രീകുമാർ മേനോൻ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സിനിമ പ്രോജക്ട് രണ്ടാമൂഴത്തിന് പിന്നിലും ഇദ്ദേഹം തന്നെയാണ്. ശ്രീകുമാർ മേനോൻ തന്നെയായിരിക്കും പുതിയ നിർമാണ വിതരണ കൺസോർഷ്യത്തിന് നേതൃത്വം നൽകുന്നത്. ഇദ്ദേഹം പുഷ് മോഷൻ പിക്ച്ചർ കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കും. എയോൺ ഇൻഫ്രാസ്ട്രക്ച്ചർ എംഡി തോമസ് സെബാസ്‌ററ്യൻ എയോൺ എന്റർടെയ്ൻമെന്റ് മാനേജിങ് ഡയറക്ടറുമാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിൽ സിനിമ നിർമാണ വിതരണ മേഖലയിൽ നൂറ് കോടി രൂപ മുതൽമുടക്കാനാണ് കൺസോർഷ്യം ലക്ഷ്യമിടുന്നത്. മികച്ച ഡയറക്ടർമാർ, ക്രൂ, തിരക്കഥാകൃത്തുകൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ ഒന്നിപ്പിച്ച് അവിസ്മരണീയ ചലച്ചിത്രാനുഭവം ലഭ്യമാക്കുകയാണ് കൺസോർഷ്യം ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനത്തോടെ ദക്ഷിണേന്ത്യയിൽ 10 മൾട്ടിപ്ലക്സ് സ്‌ക്രീനുകൾ സ്ഥാപിക്കും. 2020 യോടെ രാജ്യത്താകെ 50 സ്‌ക്രീനുകൾ എന്നതാണ് ലക്ഷ്യം. വലിയ സ്‌ക്രീനുകൾ, മികച്ച സാങ്കേതികവിദ്യ, മികച്ച ശബ്ദവിന്യാസങ്ങൾ, റെസ്റ്ററൻറ്, ബാങ്ക്, റീട്ടെയ്ൽ തുടങ്ങി എല്ലാ സൗകര്യങ്ങളും മൾട്ടിപ്ലക്സുകളിലുണ്ടാകും.