പെറ്റ്‌കെം നിക്ഷേപക സംഗമം സംഘടിപ്പിച്ചു

Posted on: December 18, 2017

കൊച്ചി : അമ്പലമുഗളിലെ പുതിയ പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യമാകുന്നതോടെ ഉണ്ടാകുന്ന അവസരങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതിന് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പെറ്റ്‌കെം നിക്ഷേപക സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സെമിനാറിൽ പങ്കെടുത്ത സംരംഭകർക്കും ഉപഭോക്താക്കൾക്കും ഡൗൺസ്ട്രീം അവസരങ്ങൾ ഉൾപ്പെടെ പാർക്കിന്റെ നേട്ടങ്ങളെ കുറിച്ച് വിശദമായി മനസിലാക്കാൻ കഴിയുന്ന തരത്തിൽ ബി പി സി എൽ, കിൻഫ്ര എന്നിവരുടെ പ്രസന്റേഷനുകളും നടന്നു.

നിർദ്ദിഷ്ട പെട്രോ കെമിക്കൽ പാർക്കിൽ എത്തുന്ന നിക്ഷേപകർക്ക് ഭൂമി, അടിസ്ഥാനസൗകര്യം, അനുമതി ലഭിക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് നിക്ഷേപക സംഗമത്തിൽ ആമുഖ പ്രസംഗം നടത്തിയ വ്യവസായ, വാണിജ്യ, ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആൻറണി പറഞ്ഞു. ഇവർക്കായി ചില ചട്ടങ്ങളിൽ ഭേദഗതി വരുത്തി കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച ധാരണാപത്രം ബുധനാഴ്ച ഒപ്പു വെയ്ക്കും. നിക്ഷേപകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ പെട്രോ കെമിക്കൽ വ്യവസായത്തിന് മുതൽക്കൂട്ടാണ് നിർദ്ദിഷ്ട പെട്രോകെം പാർക്കെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം. സ്വരാജ് എംഎൽഎ പറഞ്ഞു. പെട്രോ കെമിക്കൽ വ്യവസായം നാളെ കേരളത്തിന്റെ മുഖമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിൻഫ്ര എംഡി കെ.എ സന്തോഷ്‌കുമാർ, ബി പി സി എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ എന്നിവർ സംബന്ധിച്ചു.

കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന സ്വാഗതവും ജനറൽ മാനേജർ കെ. ജി. അജിത്കുമാർ നന്ദിയും പറഞ്ഞു. നിക്ഷേപക അവസരങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സേവനങ്ങൾ, സൗകര്യങ്ങൾ, ഡൗൺസ്ട്രീം അവസരങ്ങൾ, ഉത്പനങ്ങൾക്കുള്ള ഡിമാൻഡ്, വിപണി സാധ്യത തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക സെഷനുകളും ബിസിനസ് കൂടികാഴ്ചകളും നിക്ഷേപക സംഗമത്തിൻറെ ഭാഗമായി നടന്നു.

പ്രമുഖ നിർമാണ വ്യവസായങ്ങൾ, സാങ്കേതിക വിദഗ്ധർ, പെട്രോകെമിക്കൽ രംഗത്തെ വിദഗ്ധർ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകർ, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖർ എന്നിവർ സെമിനാറിൽ പങ്കെടുത്തു. സംസ്ഥാന സർക്കാർ, കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ എസ് ഐ ഡി സി), കേരള വ്യവസായ അടിസ്ഥാനസൗകര്യ വികസന കോർപ്പറേഷൻ (കിൻഫ്ര), ബി പി സി എൽ കൊച്ചി എന്നിവരുടെ സംയുക്ത സംരംഭമാണ് പെട്രോ കെമിക്കൽ പാർക്ക്. ഫാക്ടിൽ നിന്ന് വാങ്ങിയ 470 ഏക്കർ സ്ഥലത്താണ് പുതിയ പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നത്. ഫാക്ടിൽ നിന്നും നേരിട്ടെടുക്കുന്ന 170 ഏക്കർ കൂടാതെ കിൻഫ്ര പെട്രോ കെമിക്കൽ പാർക്കിൽ നിന്നും 150 ഏക്കറും മുഖ്യസംരംഭകരായ ബിപിസിഎൽ ഏറ്റെടുക്കും. ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ നിന്നുള്ള പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഉപയോഗപ്പെടുത്തി ഡൗൺസ്ട്രീം വ്യവസായങ്ങളെ സഹായിക്കാനും വിവിധതരം പശ, പ്ലാസ്റ്റിസൈസർ, ജല അധിഷ്ഠിത കെമിക്കൽ, സീലൻറ് തുടങ്ങിയവ നിർമിക്കാനും പ്ലാന്റ് സഹായകരമാകും.

പാർക്കിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ കെ എസ് ഐ ഡി സി സാമ്പത്തിക സഹായം നൽകും. നിലവിലുള്ളതിൽ വച്ച് ഏറ്റവും മികച്ച പലിശ നിരക്കായ 9.25 ശതമാനം മുതൽ 11.25 ശതമാനം വരെ ഫ്‌ളോട്ടിങ് റേറ്റിൽ ലഭ്യമാണ്. വ്യവസായ സംരംഭം തുടങ്ങാൻ ആവശ്യമായ വിവിധ അനുമതികളും കെ എസ് ഐ ഡി സി നിർവഹിക്കും. സുഗമമായി ബിസിനസ് ആരംഭിക്കുന്നതിനായി എല്ലാ നടപടി ക്രമങ്ങളും വേഗത്തിലാക്കുന്നതിന് കെ എസ് ഐ ഡി സി മുൻകയ്യെടുക്കും. ഭൂമിയും അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളും കിൻഫ്ര മുൻകയ്യെടുത്ത് നടപ്പാക്കും.2019 ൽ നിർമാണം പൂർത്തിയാകുന്ന പ്രൊപ്പിലീൻ ഡെറിവേറ്റിവ് പെട്രോകെമിക്കൽ പദ്ധതിയിലൂടെ ഉത്പന്നങ്ങളുടെ കാര്യത്തിൽ വൻ കുതിച്ചുചാട്ടത്തിനാണ് ബി പി സി എൽ കൊച്ചി റിഫൈനറി ലക്ഷ്യമിടുന്നത്.