കണ്ടെയ്‌നർ നീക്കത്തിൽ പുതിയ റെക്കോർഡുമായി ഡിപി വേൾഡ് കൊച്ചി

Posted on: September 8, 2017

കൊച്ചി : അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലായ കൊച്ചിയിലെ ഇന്ത്യ ഗേറ്റ്‌വേ ടെർമിനൽ ഓഗസ്റ്റിൽ വളർച്ചക്കുതിപ്പ് തുടരുന്നു. അൻപതിനായിരത്തിൽ അധികം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് പുതിയ റെക്കോർഡ് കൈവരിച്ചതായി ഡി പി വേൾഡ് കൊച്ചി അറിയിച്ചു. മുൻ വർഷത്തെ ഓഗസ്റ്റിനെ അപേക്ഷിച്ച് 16 ശതമാനം വളർച്ചയുണ്ടായി. ആയിരം മെയ്ൻലൈൻ വെസലുകളാണ് പ്രവർത്തനം തുടങ്ങിയ 2011 മുതൽ 2017 ഓഗസ്റ്റ് വരെ കൊച്ചിയെ തന്ത്ര പ്രധാനമായ അന്താരാഷ്ട്ര തുറമുഖങ്ങളുമായി ബന്ധിപ്പിച്ചത്.

പ്രവർത്തന മികവിന്റെ വിവിധ മാനദണ്ഡങ്ങളായ ഗ്രോസ് ക്രെയ്ൻ റെയ്റ്റ് 30 ൽ അധികവും, ഗേറ്റിനുള്ളിലെ ട്രക്ക് ടേൺ എറൗണ്ട് ടൈം 26 മിനിട്ടും എന്നത് അന്താരാഷ്ട്ര നിലവാരത്തിനൊപ്പമാണ്. അത്യാധുനിക ടെർമിനൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ സോഡിയാക് ഉപയോഗിച്ച് ഓട്ടോമേഷനിലൂടെയാണ് ഉയർന്ന കാര്യക്ഷമത നേടുന്നത്. പോർട്ട് ട്രസ്റ്റും ടെർമിനലും ഉൾനാടൻ മേഖലകളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും സുഗമമായി ചരക്കെത്തിക്കുവാൻ നടപടികളെടുത്തു.

വലിയ കണ്ടെയ്‌നർ കപ്പലുകൾ നേരിട്ട് കൊച്ചിയിൽ നിന്നും ലഭ്യമാക്കിയതും ഉപയോക്താക്കളുടെ ആവശ്യങ്ങൾ അനുസരിച്ച് സമയലാഭവും പണലാഭവും സാധ്യമാക്കിയതും ഈ നേട്ടത്തിനു സഹായിച്ചെന്ന് ഡി പി വേൾഡ് കൊച്ചിയുടെ സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.

TAGS: DP World |