ഇന്ത്യയിലെ ആദ്യ കോംപ്രിഹൻസീവ് സ്‌ക്ലീറോഡെർമ ക്ലിനിക്ക് കൊച്ചിയിൽ

Posted on: April 9, 2017

കൊച്ചി : സ്‌ക്ലീറോഡെർമ ചികിത്സയ്ക്കായുള്ള ഇന്ത്യയിലെ ആദ്യ കോംപ്രിഹൻസീവ് ക്ലിനിക്ക് കൊച്ചി നെട്ടൂരിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ റൂമാറ്റിസം എക്‌സലൻസിൽ (ഡോക്ടർ ഷേണായിസ് കെയർ) പ്രവർത്തനമാരംഭിക്കുന്നു. ഏപ്രിൽ രണ്ടിന് രാവിലെ 10 ന് കോംപ്രിഹൻസീവ് സ്‌ക്ലീറോഡെർമ ക്ലിനിക്കിന്റെയും, ക്യാമ്പിന്റെയും ഉദ്ഘാടനം എറണാകുളം ഐ.എം.എ ഹൗസിൽ പ്രഫ. കെ.വി. തോമസ് എം.പി നിർവഹിക്കും. ക്യാമ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറിൽ പരം സ്‌ക്ലീറോഡെർമ രോഗികളും, കുടുംബാംഗങ്ങളും പങ്കെടുക്കും.

പ്രതിരോധ ശക്തിയിലെ വ്യതിയാനം മൂലമുണ്ടാകുന്ന വാതരോഗമാണ് (ഓട്ടോ ഇമ്മ്യൂൺ റുമാറ്റിക് ഡിസീസ്) സ്‌ക്ലീറോഡെർമ. തുടക്കത്തിൽ ചർമ്മം കട്ടികൂടി വലിഞ്ഞുമുറുകും. തുടർന്ന് ഹൃദയം, ശ്വാസകോശം, അന്നനാളം, രക്തക്കുഴലുകൾ തുടങ്ങിയ ആന്തരാവയങ്ങളെ ബാധിക്കും. രോഗം മൂർഛിക്കുമ്പോൾ എല്ലാ രോഗികളുടെയും മുഖഛായ ഒരു പോലെ ആയി മാറും. രോഗികളുടെ മാനസിക ആരോഗ്യത്തെയും, കുടുംബജീവിതത്തെയും ഇത് സാരമായി ബാധിക്കുന്നു. മാത്രവുമല്ല രക്തയോട്ടം കുറഞ്ഞ കൈകളുടെ അറ്റം പൊട്ടാൻ തുടങ്ങും. പതിനായിരത്തിൽ രണ്ടു പേർക്ക് വരാവുന്ന അപൂർവ്വ രോഗമാണിത്. രോഗം ബാധിച്ചാൽ അഞ്ചു വർഷത്തിനുള്ളിൽ 40% രോഗികളും മരിക്കുന്നതായാണ് കണ്ടു വരുന്നത്.

മരണ നിരക്ക് വളരെ കൂടുതലാണെങ്കിലും ഈ രോഗത്തിന്റെ ചികിത്സ സംബന്ധിച്ച അവബോധം ഇന്ത്യയിൽ വളരെ കുറവാണ്. വിവിധ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഒരുമിച്ച് ചികിത്സ ലഭ്യമാക്കേണ്ട രോഗമാണിത്. പൾമണോളജിസ്റ്റ്, ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡെർമ്മറ്റോളജിസ്റ്റ്, റുമറ്റോളജിസ്റ്റ്, കാർഡിയോളജിസ്റ്റ് തുടങ്ങിയ വിദഗ്ധ ഡോക്ടർമാരുടെ സംയുക്ത സേവനം ലഭ്യമാക്കുന്ന, ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ ക്ലിനിക്കാണ് കെയറിൽ ഒരുക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ മാത്രം നാലു ലക്ഷത്തിൽ പരം ആളുകൾക്ക് ഈ രോഗം ഉണ്ടെന്നാണ് കണക്കാക്കുന്നതെന്ന് ഡോ.പത്മനാഭ ഷേണായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡോ.ഗ്ലിൻഡോ ആന്റണി, ഡോ. ശ്രീലക്ഷ്മി ശ്രീനാഥ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..

സ്‌ക്ലീറോഡെർമ രോഗത്തെക്കുറിച്ച് കെയർ സ്ഥാപകൻ ഡോ. പദ്മനാഭ ഷേണായി നടത്തിയ പഠനങ്ങൾ അടുത്തിടെ അന്താരാഷ്ട്ര അംഗീകാരം നേടിയിരുന്നു. സ്‌ക്ലീറോഡെർമ ബാധിച്ച് ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥയ്ക്ക് നൽകിവന്നിരുന്ന ചികിത്സയെക്കുറിച്ച് വേണ്ടത്ര ക്ലിനിക്കൽ പഠനം നടത്തിയിരുന്നില്ല. ഈ രോഗത്തിന് നൽകിയിരുന്ന കുത്തിവെപ്പും ഗുളികകളും എത്രത്തോളം ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നുമില്ല. ഈ സാഹചര്യത്തിൽ ഡോ. പദ്മനാഭ ഷേണായിയുടെ നേതൃത്വത്തിൽ എഴുപതോളം രോഗികളിൽ കഴിഞ്ഞ നാലുവർഷമായി നടത്തിയ പഠനങ്ങളിൽ രണ്ടു മരുന്നുകളും ഒരുപോലെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു. ലണ്ടൻ ആസ്ഥാനമായുള്ള ആർത്രൈറ്റിസ് റിസർച്ച് ആൻഡ് തെറാപ്പി ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.