കൂടുതൽ വാതരോഗ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കണം : ഗവർണ്ണർ

Posted on: November 26, 2016

iracon-2016-inaug-big

കൊച്ചി :  കേരളത്തിൽ സർക്കാർ തലത്തിൽ കൂടുതൽ വാതരോഗ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് കേരള ഗവർണ്ണർ ജസ്റ്റിസ് പി. സദാശിവം. കൊച്ചി ബോൾഗാട്ടിപാലസിൽ ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ ദേശീയ സമ്മേളനം (ഐറാകോൺ 2016) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി കൂടുതൽ വാതരോഗ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാൻ വാതരോഗ വിദഗ്ധരുടെ കൂട്ടായ്മ മുൻകൈയെടുക്കണം. ആർത്രൈറ്റിസ് അഥവ വാതരോഗം പ്രധാന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. ജനസംഖ്യയുടെ 30 ശതമാനവും വാതരോഗം ബാധിച്ചവരാണ്. വിവിധ വിഭാഗത്തിലുള്ള വാതരോഗം മൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ ഹൃദയരോഗത്തിനും മറ്റും നൽകുന്ന ഗൗരവ സമീപനം വാതരോഗത്തിന്റെ കാര്യത്തിലുണ്ടാകുന്നില്ല. രോഗത്തിന്റെ അപകടാവസ്ഥയെ സംബന്ധിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാലാണിതെന്ന് ഗവർണ്ണർ ചൂണ്ടിക്കാട്ടി.

പ്രഫ. കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ പ്രസിഡന്റ് ഡോ. അമിത അഗർവാൾ, സെക്രട്ടറി ഡോ. രാജീവ് ഗുപ്ത, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ബിനോയ് ജെ പോൾ, ഐറാകോൺ ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ രമേശ് ഭാസി, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പത്മനാഭ ഷേണോയ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: IRACON 2016 |