വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം കൊച്ചിയിൽ

Posted on: November 18, 2016
ഇന്ത്യയിലെ വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനമായ ഐറാകോൺ 2016 ന്റെ പ്രഖ്യാപനം കൊച്ചിയിൽ കോൺഫറൻസ് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പത്മനാഭ ഷേണായി നടത്തുന്നു. ഡോ. ഗ്ലിന്റോ ആന്റണി, ഡോ. കാവേരി, ഡോ. ശ്രീലക്ഷ്മി എന്നിവർ സമീപം.

ഇന്ത്യയിലെ വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനമായ ഐറാകോൺ 2016  ന്റെ  പ്രഖ്യാപനം കൊച്ചിയിൽ കോൺഫറൻസ് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പത്മനാഭ ഷേണായി നടത്തുന്നു. ഡോ. ഗ്ലിന്റോ ആന്റണി, ഡോ. കാവേരി, ഡോ. ശ്രീലക്ഷ്മി എന്നിവർ സമീപം.

 

കൊച്ചി : ഇന്ത്യയിലെ വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം നവംബർ 24 മുതൽ 27 വരെ കൊച്ചിയിൽ നടക്കും. 20 വർഷത്തിനു ശേഷമാണ് കേരളം സമ്മേളനത്തിന് വേദിയാകുന്നത്. കൊച്ചിയിലെ ബോൾഗാട്ടി പാലസ് കൺവൻഷൻ സെന്ററിലാണ് ഐറാകോൺ 2016 സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ റുമറ്റോളജി അസോസിയേഷനാണ് സംഘാടകർ.

ദേശീയ സമ്മേളനവേദിയിൽ നവംബർ 24 ന് രാവിലെ 9.30 മുതൽ കേരളത്തിലെ വാതരോഗ ചികിത്സാ വിദഗ്ധർക്കു മാത്രമായി ഏകദിന സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നവംബർ 25 ന് വൈകിട്ട് 6.30 ന് ബോൾഗാട്ടി പാലസിൽ കേരള ഗവർണർ പി.സദാശിവം നിർവ്വഹിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി ജെ. പി. നഡ്ഢ മുഖ്യ അതിഥിയായിരിക്കും.

ഇന്ത്യയിലെ വാതരോഗികൾ അഭിമുഖീകരിക്കുന്ന അതിസങ്കീർണ പ്രശ്‌നങ്ങളെക്കുറിച്ചും, അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും, നൂതന ചികിത്സാ രീതികളെക്കുറിച്ചും സിമ്പോസിയം, ശിൽപശാല, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 1500 പരം ഡോക്ടർമാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ 20 വിദേശ രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ എത്തും.

ഐറാകോൺ 2016 – ന്റെ സ്വാഗതസംഘം ഓഫീസ് എറണാകുളം നെട്ടൂരിൽ പ്രവർത്തിക്കുന്ന ഡോ ഷേണായീസ് സെന്റർ ഫോർ റുമാറ്റിസം എക്‌സെലൻസിൽ (ഡോ.ഷേണായീസ് കെയർ) പ്രവർത്തിച്ചു വരുന്നതായി കോൺഫറൻസ് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പത്മനാഭ ഷേണായി, ഡോ. കാവേരി, ഡോ. ശ്രീലക്ഷ്മി, ഡോ. ഗ്ലിന്റോ ആന്റണി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.