വിജിലൻസ് സ്റ്റഡി സർക്കിൾ വിജിലൻസ് ബോധവത്കരണ വാരാചരണം നടത്തി

Posted on: November 7, 2016

vigilance-study-circle-semi

കൊച്ചി : പൊതുജീവിതത്തിലെ അഴിമതിതുടച്ചുനീക്കാനും സത്യസന്ധത ഉറപ്പുവരുത്താനുംയുവാക്കൾ ശബ്ദമുയർത്തണമെന്ന് കേരളഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആഹ്വാനം ചെയ്തു. വിജിലൻസ് സ്റ്റഡി സർക്കിൾ കേരള ചാപ്റ്റർ വിജിലൻസ് ബോധവത്ക്കരണ വാരാചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദേഹം.

പൊതുജനങ്ങളുടെ സഹകരണമില്ലാതെ അഴിമതി പൂർണമായും ഇല്ലാതാക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികളെ ആത്മാർഥതതയുടെയും സത്യസന്ധതയുടെയും അടിസ്ഥാനപാഠങ്ങൾ പറഞ്ഞുകൊടുക്കണമെന്ന് അദേഹം അഭ്യർഥിച്ചു.

ബിപിസിഎൽ ചീഫ് മാനേജർ (വിജിലൻസ്) കെ.നാരായണൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഫാക്ട് ചീഫ് വിജിലൻസ് ഓഫീസറും സ്റ്റഡി സർക്കിൾ ജനറൽസെക്രട്ടറിയുമായ ജെ. വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. റിട്ടയേർഡ് ഡിജിപയും വിജിലൻസ് സ്റ്റഡി സർക്കിൾ പേട്രണുമായ എംജിഎ രാമൻ പ്രസംഗിച്ചു. കൊച്ചിൻ ഷിപ്‌യാർഡ് വിജിലൻസ് ഓഫീസർ എ.ഡി. ബാലസുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.

സ്റ്റഡി സർക്കിൾകോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനങ്ങൾ വിതരണംചെയ്തു. ജെ. വിനയൻ എഴുതിയ എത്തിക്‌സ് ആൻഡ് കറപ്ഷൻ – ആൻ ഇൻട്രൊഡക്ഷൻ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളിൽ നിന്നുള്ള ഇരുനൂറോളം ഓഫീസർമാരും വിജിലൻസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.