ടി എം ജേക്കബ് നവാഗതർക്ക് മാതൃകയാക്കാവുന്ന നിയമസഭാ സാമാജികൻ : സുധീരൻ

Posted on: October 28, 2016

t-m-jacob-anusmaranam-big

തിരുവനന്തപുരം : പാർലമെന്ററി രംഗത്തേക്ക് കടന്നുവരുന്ന നവാഗതർക്ക് മാതൃകയാക്കാവുന്ന നിയമസഭാ സാമാജികനാണ് മുൻ മന്ത്രി ടി എം ജേക്കബെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ പറഞ്ഞു. ടി.എം. ജേക്കബിന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ടി എം ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

പ്രവർത്തിച്ച മേഖലകളിലെല്ലാം മികവുതെളിയിച്ച ജേക്കബ് നിയമസഭാ സാമാജികൻ എന്ന നിലയിൽ അനിതരസാധാരണമായ പ്രതിഭാവിലാസം പ്രകടമാക്കി. വിദ്യാഭ്യാസമന്ത്രിയായിരിക്കെ നടന്ന വിവാദമായ പ്രീഡിഗ്രി ബോർഡ് വിഷയത്തിലെ ചർച്ചകളിൽ എതിരഭിപ്രായം ഉള്ളവരെപ്പോലും തന്റെ നിലപാട് ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രകടമായിരുന്നു. ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രിയെന്ന നിലയിൽ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലും അർപ്പണബോധത്തോടെ ഒരു രൂപ അരി പദ്ധതി സാധ്യമാക്കിയെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

കൈവച്ച രംഗങ്ങളിലെല്ലാം അദേഹത്തിന്റേതായ ഒരു ടി എം ജേക്കബ് സിഗ്നേച്ചർ പ്രകടമായിരുന്നുവെന്ന് ആമുഖപ്രഭാഷണത്തിൽ പാർലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ. വി. തോമസ് അനുസ്മരിച്ചു.

ഭരണനിർവഹണത്തിലെ ടി  എം ജേക്കബിന്റെ പ്രാവീണ്യം മാനേജ്‌മെന്റ് വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ഡി.  ബാബുപോൾ പറഞ്ഞു.

ടി എം ജേക്കബ് മെമ്മോറിയൽ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ഡെയ്‌സി ജേക്കബ് അധ്യക്ഷതവഹിച്ചു. മുൻ എംഎൽഎയും കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാനുമായ ജോണി നെല്ലൂർ, മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം, അനൂപ് ജേക്കബ് എംഎൽഎ, അമ്പിളി ജേക്കബ് എന്നിവർ സംസാരിച്ചു. ട്രസ്റ്റിന്റെ ചികിത്സാസഹായവും സൗജന്യഭക്ഷണവിതരണനിധിയും ചടങ്ങിൽ വിതരണം ചെയ്തു

TAGS: T. M. Jacob |