അമൃത ഇൻസ്റ്റിറ്റ്യൂട്ട് മഡഗാസ്‌ക്കറിൽ നിന്നുള്ള രോഗികളുടെ റഫറൽ ആശുപത്രി

Posted on: October 14, 2016

amrita-hospital-mou-with-m

കൊച്ചി : ആയിരത്തി മുന്നൂറ് കിടക്കകളുള്ള അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മഡഗാസ്‌കറിൽ നിന്നുള്ള രോഗികളുടെ പ്രധാന റഫറൽ ആശുപത്രിയാകുന്നു. ഇത് സംബന്ധിച്ച് അമൃത ആശുപത്രിയുമായി മെഡിക്കൽ കൗൺസിൽ ഓഫ് മഡഗാസ്‌കർ ധാരണാപത്രം ഒപ്പിട്ടു. ധാരണയനുസരിച്ച് മഡഗാസ്‌കറിൽ നിന്നുള്ള രോഗികളെ ആധുനിക ചികിത്സയ്ക്കും സർജറികൾക്കുമായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യും. മഡഗാസ്‌കറിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികൾക്ക് സങ്കീർണ ചികിത്സകളിലും സർജറികളിലും അമൃത ആശുപത്രിയിൽ പരിശീലനം നൽകും.

മഡഗാസ്‌കർ മെഡിക്കൽ കൗൺസിൽ വൈസ് പ്രസിഡണ്ട് ഡോ. നദിയ എസ്റ്റെല്ലേ, ഉപദേശകൻ ഡോ. ഹെൻറി റോക്കറ്റോവ, മഡഗാസ്‌കർ സർക്കാർ പ്രത്യേക ഉപദേശകൻ റോബിൻ വർഗീസ് എന്നിവർ അമൃത ആശുപത്രി സന്ദർശിച്ചാണ് ധാരണാ പത്രം ഒപ്പിട്ടത്. ഏതാനും മാസങ്ങൾക്ക് മുൻപ് അമൃത ആശുപത്രിയിൽ നിന്നുള്ള പ്രതിനിധി സംഘം മഡഗാസ്‌കർ സന്ദർശിച്ചിരുന്നു. അമൃത ആശുപത്രിയിലെ അത്യാധുനിക സംവിധാനങ്ങളും മികച്ച സാങ്കേതിക ചികിത്സാ രീതികളും പ്രശംസനാർഹമാണെന്ന് ഡോ. നാദിയ പറഞ്ഞു. ഇത്തരം ചികിത്സ സൗകര്യങ്ങൾ മഡഗാസ്‌കറിൽ അപ്രാപ്യവുമാണ്. മഡഗാസ്‌കറിലെ രോഗികൾക്ക് ഏറെ സഹായകരമാണ് ധാരണയെന്ന് അവർ പറഞ്ഞു.

ഇരു രാജ്യങ്ങൾക്കും ഗുണകരമാണ് മഡഗാസ്‌കറും അമൃത ആശുപത്രിയും തമ്മിലുള്ള ധാരണയെന്നും ഇന്ത്യയിൽ മെഡിക്കൽ ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഇത് വഴിവെയ്ക്കുമെന്നും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ അഭിപ്രായപ്പെട്ടു.

മഡഗാസ്‌കറിലെ പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ ധാരണ സഹായകരമാകുമെന്ന് മഡഗാസ്‌കർ സർക്കാരിന്റെ പ്രത്യേക ഉപദേശകൻ റോബിൻ വർഗീസ് പറഞ്ഞു.