പിഎംഎസ്ബിവൈ : ഫെഡറൽ ബാങ്കും ന്യൂഇന്ത്യ അഷ്വറൻസും തമ്മിൽ ധാരണ

Posted on: May 6, 2015

Federal-Bank-New-India-Assu

കൊച്ചി : സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയായ പ്രധാൻമന്ത്രി സുരക്ഷ ബിമ യോജന (പിഎംഎസ്ബിവൈ)നടപ്പാക്കുന്നതിന് ഫെഡറൽ ബാങ്കും ന്യൂഇന്ത്യ അഷ്വറൻസും തമ്മിൽ ധാരണയിൽ ഏർപ്പെട്ടു. പദ്ധതി പ്രകാരം 12 രൂപ വാർഷിക പ്രീമിയം അടച്ചാൽ അപകടമരണത്തിനും അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. 18 നും 70 നും മധ്യേ പ്രായമുള്ള എല്ലാ സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്കും പദ്ധതിയിൽ അംഗമാകാം. മെയ് 31 ന് മുമ്പ് അപേക്ഷ നൽകി ഇടപാടുകാർക്ക് അംഗത്വമെടുക്കാം.

ഫെഡറൽ ബാങ്ക് ജനറൽ മാനേജർ ആന്റു ജോസഫും ന്യു ഇന്ത്യ അഷ്വറൻസ് ഡയറക്ടറും ജനറൽമാനേജരുമായ കെ. സനത്കുമാറും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഫെഡറൽ ബാങ്ക് എജിഎമ്മുമാരായ മിനിമോൾ ലിസ് തോമസ്, കെ.ജി. ചിത്രഭാനു, ന്യു ഇന്ത്യ അഷ്വറൻസ് സീനിയർ റീജണൽമാനേജർ ജോൺ ഫിലിപ്പ്, സീനിയർ ഡിവിഷണൽ മാനേജർ കെ.ഇ. ജനാർദനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.