ഇൻഷുറൻസ് മേഖലയിൽ ടാറ്റാ എഐഎ -സിറ്റിബാങ്ക് സംയുക്ത സംരംഭം

Posted on: January 24, 2015

TATA-AIA-Life-Insurance-Log

കൊച്ചി : ഇൻഷുറൻസ് മേഖലയിലെ വിപണി സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ ടാറ്റാ എ ഐ എ ലൈഫും സിറ്റിബാങ്കും ചേർന്നുള്ള സംയുക്തസംരംഭത്തിന് തുടക്കമായി. 18.4 ദശലക്ഷം കുടുംബങ്ങളുടെ ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റുകയാണ് സംയുക്ത നീക്കത്തിന്റെ ലക്ഷ്യം.

ഇന്ത്യ ഉൾപ്പെടെ ഏഷ്യ-പസഫിക് മേഖലയിലെ 11 രാജ്യങ്ങളിൽ ബാങ്കഷ്വറൻസ് സംരംഭങ്ങൾക്ക് ടാറ്റാ എ ഐ എ ലൈഫും സിറ്റിബാങ്കും ധാരണയായിരുന്നു. ഹോംങ്കോംഗ്, സിംഗപ്പൂർ, തായ്‌ലൻഡ്, ചൈന, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്‌നാം, മലേഷ്യ, ഓസ്‌ട്രേലിയ, കൊറിയ എന്നിവയാണ് മറ്റ് രാജ്യങ്ങൾ.

സാമ്പത്തിക സുരക്ഷ ഉൾപ്പെടുന്ന ഇൻഷുറൻസ് ആവശ്യത്തിന് ഇന്ത്യയിൽ ശരാശരി ഒരു കുടുംബം 100 രൂപ വകയിരുത്തേണ്ട സ്ഥാനത്ത് 7.4 രൂപ മാത്രമേ വകയിരുത്തുന്നുള്ളുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 92.6 ശതമാനം സുരക്ഷാ കമ്മി നിലനിൽക്കുന്നു. ഈ രംഗത്ത് പരമ്പരാഗത ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്കു പുറമേ സാമ്പത്തിക വളർച്ച,ലൈഫ് പ്രൊട്ടക്ഷൻ, നിക്ഷേപം, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയുള്ള യൂണിറ്റ് ബന്ധിത ഉതപന്നങ്ങൾക്കുമുള്ള സാധ്യത വിപുലമാണ്.

പുതിയ ഈ ബാങ്കഷ്വറൻസ് സംരംഭത്തിലൂടെ വൈവിധ്യമാർന്ന സേവനങ്ങൾ അനായാസകരമായി ഇടപാടുകാർക്ക് ലഭിക്കുമെന്ന് ടാറ്റാ എ ഐ എ ലൈഫ് എം ഡി നവീൻ തഹിലിയാനി പറഞ്ഞു. കടലാസ് രഹിതവും ഏറ്റവും സുഗമവുമായ ടാബ്‌ലറ്റ് ആപ്ലിക്കേഷൻ പ്രക്രിയയിലൂടെ സിറ്റിബാങ്ക് ശാഖകൾ വഴി സമഗ്ര സേവനം ലഭ്യമാകുമെന്ന് സിറ്റിബാങ്ക് ഇന്ത്യയുടെ കൺസ്യൂമർ ബാങ്കിംഗ് വിഭാഗം കൺട്രി ബിസിനസ് മാനേജർ കാർത്തിക് കൗശിക് അഭിപ്രായപ്പെട്ടു.