ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ കോടതികള്‍ക്ക് വില്ക്കാം

Posted on: January 11, 2019

കൊച്ചി : ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഉടമകള്‍ക്ക് തിരിച്ചുകൊടുക്കാതെ കോടതികള്‍ക്കു വില്ക്കാം. വാഹനം അതത് കോടതികളുടെ പരിധിയുള്ള മജിസ്‌ട്രേറ്റുമാര്‍ക്ക് ലേലം ചെയ്ത് വില്ക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവായി. 1988 – ലെ മോട്ടോര്‍ വാഹന നിയമം ഭേദഗതി വരുത്തി.

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയോ അപകടംമൂലം പരിക്കുകളോ നാശനഷ്ടമോ ഉണ്ടാവുകയോ ചെയ്താല്‍ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഉടമയ്ക്ക് കൊണ്ടുപോകാമായിരുന്നു. ഇനി വാഹനത്തിന്റെ ഇന്‍ഷുറന്‍സ് രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കിയാലേ വാഹനം വിട്ടുകൊടുക്കുകയുള്ളൂ. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അപകടം നടന്ന് മൂന്നു മാസത്തിനകം ബന്ധപ്പെട്ട കോടതിയിലെ മജിസ്‌ട്രേറ്റുമാര്‍ വാഹനം ലേലം ചെയ്ത് വില്ക്കും. ഈ പണം അപകടക്കേസ് വരുന്ന മോട്ടോര്‍ വാഹനാപകട കോടതിയില്‍ 15 ദിവസത്തിനകം നിക്ഷേപിക്കും. അപകടത്തില്‍ ഇരയാവര്‍ക്കാണ് ഈ തുക നല്കുക.