പ്രളയം: ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കൂടുതല്‍ കേരളത്തില്‍

Posted on: November 27, 2018

കോഴിക്കോട് : ഇന്ത്യയിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ ഏറ്റവുമധികം ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കേരളത്തിലെ പ്രളയവുമാണെന്ന് ബന്ധപ്പെട്ടാണെന്ന് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗിരീഷ് രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പതിനേഴായിരത്തോളം നഷ്ട പരിഹാര അപേക്ഷകളാണ് ലഭിച്ചത്. ചെന്നൈ വെള്ളപ്പൊക്കത്തില്‍ ഇത് എണ്ണായിരവും ജമ്മുകാശ്മീരിലേത് മൂവായിരത്തോളവുമായിരുന്നു.

കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട അറുപത് ശതമാനം ക്ലെയിമുകളില്‍ യുണൈറ്റഡ് ഇന്ത്യ കമ്പനി തീര്‍പ്പ് കല്‍പ്പിച്ചു. 650 കോടിയോളം രൂപ ഇതിനകം നഷ്ടപരിഹാരമായി നല്‍കി.

കൊച്ചി മെട്രോ, കൊച്ചി വിമാനത്താവളം തുടങ്ങിയ വലിയ ക്ലെയിമുകളില്‍ മാത്രമാണ് പ്രധാനമായും ഇനി തീര്‍പ്പാവാനുള്ളത്. പൊതുമേഖലയിലും അല്ലാതെയുമുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ മൂവായിരത്തോളം കോടി രൂപയാണ് പ്രളയ നഷ്ടപരിഹാരമായി നല്‍കിയത്.

പ്രളയത്തിനു ശേഷം ഇന്‍ഷുറന്‍സ് അവബോധം ജനങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് വലിയ വളര്‍ച്ചാ സാധ്യതയാണ് മുന്നോട്ടുവെക്കുന്നത്.

യുണൈറ്റഡ് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17430 കോടി രൂപ പ്രീമിയം ഇനത്തില്‍ സമാഹരിച്ചു. എട്ടരശതമാനമാണ് വാര്‍ഷിക വളര്‍ച്ചാനിരക്ക്. 1228 കോടിയുടെ നികുതിപൂര്‍വ ആദായവും കമ്പനി നേടി – അദ്ദേഹം പറഞ്ഞു.