സ്റ്റാർ കാൻസർ കെയർ ഗോൾഡ് പോളിസി

Posted on: October 25, 2017

കൊച്ചി : കാൻസർ രോഗികൾക്ക് കവറേജ് ലഭിക്കുന്ന സ്റ്റാർ കാൻസർ കെയർ ഗോൾഡ് ആരോഗ്യ പോളിസി സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് പുറത്തിറക്കി. അഞ്ചുമാസത്തിനും 65 വയസിനുമിടയിലുള്ള, കാൻസർ സ്റ്റേജ് ഒന്ന്, സ്റ്റേജ് രണ്ട് രോഗികൾക്ക് പോളിസി എടുക്കാം. അഞ്ചു ലക്ഷം രൂപ വരെയാണ് സ്റ്റാർ കാൻസർ കെയർ ഗോൾഡ് പോളിസിയിൽ കവറേജ് ലഭിക്കുക. ആവർത്തിച്ചുവരുന്ന കാൻസർ, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് (മെറ്റാ സ്റ്റാസിസ്), രണ്ടാമതു കാൻസർ കണ്ടെത്തുന്നത് തുടങ്ങിയവയ്ക്കുള്ള കവറേജ് ലഭിക്കും. കാൻസർ ഇതര രോഗങ്ങൾക്കുള്ള ആശുപത്രി ചികിത്സയ്ക്കും കവറേജ് ലഭിക്കും.

പോളിസി എടുക്കന്നതിനു മുമ്പ് മെഡിക്കൽ പരിശോധന വേണ്ടെന്നതാണ് ഈ പോളിസിയുടെ സവിശേഷത. പകരം ഏറ്റവുമൊടുവിൽ ചികിത്സ നടത്തിയതുവരെയുള്ള രേഖകൾ അപേക്ഷയോടൊപ്പം നൽകിയാൽ മതി.
കാൻസർ കണ്ടെത്തിയാൽ രോഗിക്ക് സം ഇൻഷുറൻസ് തുകയുടെ പകുതി ഒരുമിച്ച് നൽകും. ശസ്ത്രക്രിയ, മറ്റു ചികിത്സകൾ, കാൻസറിതര രോഗങ്ങൾ, അപകടം തുടങ്ങി സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിയിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിലും ലഭിക്കും.

നേരത്തെ രോഗം കണ്ടെത്തിയിട്ടില്ലാത്തവർക്കുവേണ്ടിയാണ് സാധാരണയായി ആരോഗ്യ ഇൻഷുറൻസ് പോളിസി ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ ജീവന് ഭീഷണിയുയർത്തുന്ന രോഗങ്ങളുള്ളവർക്കു കവറേജ് നൽകുന്നതിനുള്ള പോളിസികൾ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് വികസിപ്പിച്ചിരിക്കുകയാണ്. ഇത്തരം ആളുകൾക്കും വരുംവർഷങ്ങളിൽ ചികിത്സയും സാമ്പത്തിക സഹായവും ഏറ്റവും ആവശ്യമാണ്. ആരോഗ്യ ഇൻഷുറൻസ് എന്നത് ഏതൊരു ഇന്ത്യൻ പൗരന്റേയും അടിസ്ഥാന ആവശ്യമാണെന്നും ഞങ്ങൾ കരുതുന്നു. ഇതു മനസിൽ വച്ചുകൊണ്ടാണ്, കൂടുതൽ ആളുകൾക്കു പ്രയോജനപ്പെടുന്ന സ്റ്റാർ കാൻസർ കെയർ ഗോൾഡ് പുറത്തിറക്കിയിരിക്കുന്നതെന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് സിഎംഡി വി ജഗന്നാഥൻ പറഞ്ഞു.

ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. കാൻസർ നേരത്തെ കണ്ടെത്തിയാലും ചികിത്സിക്കാനുള്ള സാമ്പത്തിക പിന്തുണ പലപ്പോഴും ലഭിക്കാതെ പോകുന്നു. ഇതു കാൻസർ ആവർത്തിച്ചു വരുവാനും ഇടയാക്കുന്നു. കാൻസർ രോഗികൾക്ക് സ്റ്റാർ കാൻസർ കെയർ ഗോൾഡ് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ എസ് പ്രകാശ് പറഞ്ഞു.