വന സംരക്ഷകർക്ക് സഹായവുമായി ഐസിഐസിഐ പ്രുഡൻഷ്യൽ

Posted on: January 26, 2017

കൊച്ചി : ഇന്ത്യയിലെ വനം-വന്യജീവി സംരക്ഷകരെ സഹായിക്കാനായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫും ഡബ്ല്യുഡബ്ല്യുഎഫ് (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ) ഇന്ത്യയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ഡ്യൂട്ടിക്കിടയിൽ മരണമോ, സ്ഥായിയായ അംഗവൈകല്യമോ സംഭവിക്കുന്ന വന സംരക്ഷണ ജീവനക്കാർക്ക് (ഫോറസ്റ്റ് ഗാർഡുകൾ, റേഞ്ച് ഓഫീസർമാർ തുടങ്ങിയ ജീവനക്കാർ) എക്‌സ്-ഗ്രേഷ്യ ഫണ്ടിംഗിലൂടെ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് സഹായം നൽകും.

വന്യജീവി ആക്രമണം, കാട്ടുതീ, വനം കൊള്ളക്കാരുടെ ആക്രമണം, വൈദ്യുതാഘാതം, മലേറിയ പോലുള്ള മാരക രോഗങ്ങൾ തുടങ്ങിയവയ്ക്കു ഇരയാകുന്ന വന സംരക്ഷണ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വം ഏർപ്പെടുത്തുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയുടെ കീഴിലുള്ള പ്രധാന 10 സ്ഥലങ്ങൾക്കു (ആസാം, അരുണാചൽ പ്രദേശ്, സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീർ, രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, കേരളം) കീഴിൽ വരുന്ന 15 വനങ്ങളിലെ ജീവനക്കാർ പദ്ധതിയുടെ പ്രായോജകരാകും.
വന സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ ജീവന് സംരക്ഷണം നൽകേണ്ടത് അനിവാര്യമാണെന്നും ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ സാമ്പത്തിക സംരക്ഷണം നൽകുകയാണ് ലക്ഷ്യമിടുന്നതെന്നും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്ദീപ് ബക്ഷി പറഞ്ഞു.

ഐസിഐസിഐ പ്രുഡൻഷ്യലുമായി ചേർന്ന് ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യൻ വനങ്ങളിലെ ഈ ജവാന്മാർക്ക് പ്രത്യാശയുടെ ഭാവിയാണ് ഉറപ്പാക്കുന്നതെന്ന് ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ സെക്രട്ടറി ജനറലും സിഇഒയുമായ രവി സിംഗ് പറഞ്ഞു.