ആവശ്യങ്ങൾക്കുതകുന്ന ഇൻഷൂറൻസ്

Posted on: June 4, 2013

സുരക്ഷിതത്വത്തിനായി ലൈഫ് ഇൻഷൂറൻസ് എടുക്കുന്നതിനെക്കുറിച്ച് ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. കേവലം ഇൻഷൂറൻസ് പരിരക്ഷയും സമ്പാദ്യവും ലഭ്യമാക്കുന്ന ഒരുൽപ്പന്നമെന്നതിലേറെ നിക്ഷേപാസൂത്രണത്തിനായുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നായാണ് ലൈഫ് ഇൻഷൂറൻസിനെ ഇന്നു പരിഗണിക്കുന്നത്.

ലൈഫ് ഇൻഷൂറൻസിന്റെ ആവശ്യകതയെക്കുറിച്ചു ചിന്തിക്കുമ്പോൾ സ്വാഭാവികമായും ഇൻഷൂറൻസ് പരിരക്ഷ തന്നെയാണ് ഏറ്റവും പ്രധാന കാരണമായി മുന്നോട്ടു വെക്കാനാവുക. എന്നാൽ ഇന്നത്തെ ജീവിത രീതികൾ പരിഗണിച്ച് ഇതോടൊപ്പം മറ്റു ചില കാരണങ്ങൾ കൂടി നമുക്കു മുന്നോട്ടു വെക്കാനാവും. പരിരക്ഷ, സമ്പാദ്യം, നിക്ഷേപം, ജോലിയിൽ നിന്നു വിരമിച്ച ശേഷമുള്ള ജീവിതം എന്നിവയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ലൈഫ് ഇൻഷൂറൻസ് എന്തിനു വേണ്ടി എന്ന ചോദ്യത്തിനു മറുപടിയായി ഇന്നത്തെക്കാലത്തു ചൂണ്ടിക്കാട്ടാനാവുക.

പ്രധാനമായും ഇൻഷൂറൻസ് പരിരക്ഷയെക്കുറിച്ചു ചിന്തിക്കുമ്പോൾ നമുക്കു മുന്നിലെത്തുന്നത് ടേം ഇൻഷൂറൻസ് പദ്ധതികളാണ്. ഇൻഷൂറൻസ് പരിരക്ഷ നൽകുക എന്നതാണ് ഇത്തരത്തിലുള്ള പദ്ധതികളുടെ മുഖ്യ ലക്ഷ്യം. ഇവയുടെ പോളിസി കാലാവധിക്കു ശേഷം പോളിസിയുടമയ്ക്ക് എന്തെങ്കിലും രീതിയിലുള്ള ആനുകൂല്യം ലഭിക്കില്ല. പക്ഷേ, പോളിസി കാലാവധിക്കിടെ ആകസ്മികമായ മരണം സംഭവിക്കുകയാണെങ്കിൽ കുടുംബത്തിന് സാമ്പത്തിക സുരക്ഷ പ്രദാനം ചെയ്യാൻ ഏറ്റവും മികച്ച മാർഗ്ഗമാണ് പ്രൊട്ടക്ഷൻ പ്ലാനുകൾ എന്നു കൂടി അറിയപ്പെടുന്ന ഈ ടേം ഇൻഷൂറൻസുകൾ. ലൈഫ് ഇൻഷൂറൻസ് പദ്ധതികൾക്കിടയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനാവുന്ന ഇൻഷൂറൻസും ഇതു തന്നെയാണ്.

ലൈഫ് ഇൻഷൂറൻസുമായി ബന്ധപ്പെട്ടു ലഭ്യമായ അടുത്ത മാർഗ്ഗം നിക്ഷേപ പദ്ധതികളാണ്. നഷ്ട സാധ്യതകൾ നേരിടാൻ കഴിവുള്ളവർക്ക് ഇവിടെ പരിഗണിക്കാവുന്ന മികച്ച രീതികളിലൊന്ന് യുലിപ്പുകളാണ്. ഓഹരി വിപണിയിൽ പങ്കെടുക്കാൻ അവസരം നൽകുന്ന വിപണി അധിഷ്ഠിത പദ്ധതികളാണിവ. നഷ്ട സാധ്യത നേരിടാനുള്ള തങ്ങളുടെ കഴിവിനനുസൃതമായി വിവിധയിനം ഫണ്ടുകൾ തെരഞ്ഞെടുക്കാനുള്ള അവസരവും യുലിപ്പ് നൽകുന്നുണ്ട്. കാലാവധിക്കിടെ മരണം സംഭവിച്ചാൽ ഇൻഷൂറൻസ് പരിരക്ഷയും കാലാവധിക്കു ശേഷം നിക്ഷേപത്തിന്റെ മൂല്യവും ഈ പദ്ധതികളിലൂടെ ലഭിക്കും. ഇതു വഴി നിക്ഷേപം വളർത്തിയെടുക്കാനും ആകസ്മിക മരണം സംഭവിച്ചാൽ സാമ്പത്തിക സുരക്ഷിതത്വം ലഭ്യമാക്കാനും യൂലിപ്പുകളിലൂടെ സാധ്യമാകുന്നു.

ഇതേ സമയം നഷ്ട സാധ്യത നേരിടാനുള്ള കഴിവ് താഴ്ന്ന നിലയിലുള്ളവർക്ക് സമ്പാദ്യത്തിനു സഹായിക്കുന്ന പദ്ധതികളാണ് എൻഡോവ്‌മെന്റ് പദ്ധതികളും മണി ബാക്ക് പദ്ധതികളും. കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും പോലുള്ള ആവശ്യങ്ങൾ മുന്നിൽ കണ്ട് ദീർഘകാല സാമ്പത്തിക ലക്ഷ്യത്തോടെ ചിട്ടയായി സമ്പാദിക്കാൻ സഹായിക്കുന്നവയാണീ പദ്ധതികൾ. യൂലിപ്പുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതത്വമുള്ളവയാണ് ഈ പദ്ധതികളെന്ന നേട്ടവുമുണ്ട്. ഇതേ സമയം ഉറപ്പായ ചില വരുമാനവും ഈ പദ്ധതികൾ ലഭ്യമാക്കും.

ഇനി മറ്റൊരിനം ഇൻഷൂറൻസ് പദ്ധതികളുടെ കാര്യം പരിഗണിക്കാം. ജോലിയിൽ നിന്നു വിരമിച്ച ശേഷവും അതേ ജീവിത നിലവാരം തന്നെ തുടരണമെന്ന് ആഗ്രഹിക്കാത്തവർ ആരാണുണ്ടാകുക? അതിനു സഹായിക്കുന്നവയാണ് പെൻഷൻ പ്ലാനുകൾ. ഇത്തരത്തിലുള്ള പദ്ധതികൾ വർഷങ്ങൾ കൊണ്ട് ഗണ്യമായ തുക സ്വരുക്കൂട്ടാൻ നിങ്ങളെ സഹായിക്കും. ഇങ്ങനെ സ്വരുക്കൂട്ടുന്ന തുക ഉപയോഗിച്ച് ആനുവിറ്റി പദ്ധതിയിൽ അംഗമാകണം. ഇതിൽ അംഗമാകുന്നതു മുതൽ തെരഞ്ഞെടുക്കുന്ന പദ്ധതിക്കനുസരിച്ചുള്ള പെൻഷൻ ലഭിച്ചു തുടങ്ങും.

ഇത്തരത്തിൽ വിവിധ വിഭാഗത്തിൽ പെട്ടവർക്കനുയോജ്യമായ നിരവധി ഇൻഷൂറൻസ് പദ്ധതികളിൽ നിന്നു നിങ്ങൾക്ക് ആവശ്യമായ പദ്ധതി തെരഞ്ഞെടുക്കും മുൻപും ചില കാര്യങ്ങൾ പരിഗണിക്കണം. എത്ര ഇൻഷൂറൻസ് ആവശ്യമാണ്, ഏതു പദ്ധതിയാണ് നിങ്ങൾക്കു മികച്ചത്, പ്രധാന പദ്ധതിക്കൊപ്പം മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ തെരഞ്ഞെടുക്കണോ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ മുഖ്യമായും പരിഗണിക്കേണ്ടത്.

ഒരു ഇൻഷൂറൻസ് പദ്ധതിയിൽ ചേരും മുൻപു പ്രധാനമായും വിലയിരുത്തേണ്ട വസ്തുതയാണ് എത്രത്തോളം ഇൻഷൂറൻസ് പരിരക്ഷ നിങ്ങൾക്കാവശ്യമുണ്ടെന്നത്. നിലവിലുള്ള വാർഷിക വരുമാനത്തിന്റെ എട്ടു മുതൽ പത്തു വരെ മടങ്ങ് വരുന്ന ഇൻഷൂറൻസ് പരിരക്ഷ കരസ്ഥമാക്കാനാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കുന്ന നിരവധി ഓൺലൈൻ ടൂളുകൾ ഇന്നു ലഭ്യമാണ്. ഇവ ഉപയോഗിച്ചും നിങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനത്തിലെത്താം.

എത്രത്തോളം ഇൻഷൂറൻസ് പരിരക്ഷ വേണമെന്നു തീരുമാനിച്ചു കഴിഞ്ഞാൽ അടുത്തതായി ഏതിനം പോളിസായാണു നിങ്ങൾക്കു മികച്ചതെന്ന കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കണം. നഷ്ട സാധ്യതയെ നേരിടാനുള്ള ശേഷിയടക്കം വിവിധ വസ്തുതകൾ വിലയിരുത്തിയ ശേഷമായിരിക്കണം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ. വിപണി അധിഷ്ഠിത പോളിസിയാണോ മറ്റിനങ്ങളിലുള്ള പോളിസായാണോ വേണ്ടത് എന്നെല്ലാം ഇതിന്റെ അടിസ്ഥാനത്തിൽ വേണം തീരുമാനിക്കാൻ. ഇവിടേയും നിങ്ങൾക്ക് ഒരു തീരുമാനം കൈക്കൊള്ളാൻ സഹായകമായ വിവരങ്ങൾ നൽകുന്ന ഓൺലൈൻ ടൂളുകൾ ലഭ്യമാണ്.

നിങ്ങൾക്കനുയോജ്യമായ പദ്ധതികൾ കണ്ടെത്തിക്കഴിഞ്ഞാൽ അവയോടൊപ്പം റൈഡറുകൾ എന്തൊക്കെയാണു വേണ്ടതെന്ന കാര്യത്തിലും തീരുമാനമെടുക്കണം. സേവിങ്‌സ് പദ്ധതികളുമായി ചേർത്ത് ഏറെ മികച്ച റൈഡറുകളാണ് ക്രിറ്റിക്കൽ ഇൽനെസ്, അപകട ആനുകൂല്യം തുടങ്ങിയവ. ഇതേ രീതിയിൽ തന്നെ ചൈൽഡ് പ്ലാനുകളുമായി ചേർത്ത് പ്രീമിയം വേവർ റൈഡറുകളും മികച്ചതായിരിക്കും. മാതാപിതാക്കൾക്ക് മരണമോ മാരക രോഗങ്ങളോ സംഭവിച്ചാൽ പിന്നീടുള്ള പ്രീമിയം അടക്കുന്നത് ഒഴിവാക്കുന്നതാണീ റൈഡർ. റൈഡറുകൾ സ്വീകരിക്കുന്നതു കൊണ്ടുള്ള ഏറ്റവും മികച്ച ഗുണം അവയിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടം തന്നെയാണ്. ഇതേ ആനുകൂല്യങ്ങൾക്കായി പ്രത്യേകമായി പോളിസി എടുക്കുമ്പോൾ ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രധാന പോളിസികൾക്കൊപ്പമുള്ള റൈഡറുകൾ ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കും.