സ്റ്റാർ ഹെൽത്ത് റെഡ് കാർപറ്റ് പോളിസി

Posted on: August 22, 2015

Star-Redcarpet-Policy-Big

കൊച്ചി : സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് മുതിർന്ന പൗരന്മാരുടെ ചികിത്സാവശ്യങ്ങൾ ലക്ഷ്യമാക്കിയുളള സീനിയർ സിറ്റിസൺസ് റെഡ് കാർപറ്റ് പോളിസി പരിഷ്‌കരിച്ച് പുറത്തിറക്കി. 60 നും -75 നും മധ്യേയുള്ള മുതിർന്ന പൗരന്മാർക്ക് ഈ പോളിസി എടുക്കാം. പ്രീമെഡിക്കൽ സ്‌ക്രീനിംഗ് ഇല്ലാതെ ഏതു പ്രായത്തിലുളള മുതിർന്ന പൗരന്മാർക്കും ഈ പോളിസി എടുക്കാം. സം അഷ്വേഡ് തുകയും കണക്കിലെടുക്കുന്നില്ല.

കൺസൾട്ടിംഗിന് നെറ്റ് വർക്ക് ആശുപത്രികളിൽ 200 രൂപ വരെ ലഭിക്കും. പോളിസി കാലാവധിയിൽ 600-1400 രൂപ വരെ ഇത്തരത്തിൽ കൺസൾട്ടിംഗ് ഫീസിന് കവറേജ് ലഭിക്കും. നിലവിലുളള രോഗങ്ങൾക്ക് 12 മാസത്തിനുശേഷം കവറേജ് ലഭിക്കും.

ആശുപത്രി വാസത്തിനുശേഷമുണ്ടാകുന്ന കൺസൾട്ടേഷൻ ഫീ, സർജൻസ് ഫീ, സ്‌പെഷലിസ്റ്റസ് ഫീ, പരിശോധനച്ചെലവ് തുടങ്ങിയവയ്ക്ക് ആശുപത്രിച്ചെലവിന്റെ 7 ശതമാനം വരെ കവറേജ് ഉണ്ട്. പരമാവധി 5000 രൂപയാണ് ഇത്തരത്തിൽ ലഭിക്കുക. നിലവിലുളള 5 ലക്ഷം രൂപ വരെയുളള സം അഷ്വേഡ് തുകയ്ക്കു പുറമേ രണ്ടു ഓപ്ഷൻ കൂടി ലഭ്യമാക്കിയിട്ടുണ്ട്.

ഏഴര ലക്ഷം രൂപ, 10 ലക്ഷം രൂപ കവറേജ് ലഭിക്കുന്നതാണ് പുതിയതായി ലഭ്യമാക്കിയിട്ടുളള പോളിസികൾ. ജീവിതാന്ത്യം വരെ പോളിസികൾ തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കാം. ഇൻഷുർ ചെയ്ത വ്യക്തിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനുളള ആംബുലൻസ് ചാർജായി 600 രൂപ ലഭിക്കും. പോളിസി പീരിയഡിൽ പരമാവധി ലഭിക്കുക 1200 രൂപയാണ്.

വർധിച്ചുവരുന്ന ആശുപത്രിച്ചെലവുകൾ നേരിടുവാനുളള ഏറ്റവും മികച്ച വഴിയാണ് മുതിർന്ന പൗരന്മാർക്കുളള ആരോഗ്യ ഇൻഷുറൻസ് പോളിസിയെന്ന് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി. ജഗന്നാഥൻ പറഞ്ഞു.

ആരോഗ്യമേഖലയ്ക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്തിന് രാജ്യത്തൊട്ടാകെ 290 ശാഖകളുണ്ട്. ഏഴായിരത്തിലധികം ആശുപത്രികളുമായി കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.