എസ് ബി ടി ഇടപാടുകാർക്കു ഹെൽത്ത് ഇൻഷ്വറൻസ്

Posted on: December 1, 2013

sbt-ho-tvm-b

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ അക്കൗണ്ട് ഉടമകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി എസ്ബിഐ ജനറൽ ഇൻഷ്വറൻസുമായി സഹകരിച്ച് ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചു. കുറഞ്ഞ പ്രീമിയമാണ് പദ്ധതിയുടെ സവിശേഷത. 35 വയസുള്ള ഉപയോക്താവിന് 1300 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ പോളിസി സംരക്ഷണം ഉറപ്പാക്കാനാകും. പ്രതിദിനം കേവലം 3.56 രൂപയ്ക്ക് ആരോഗ്യസംരക്ഷണമെന്നതാണ് പോളിസിയുടെ സവിശേഷതയെന്ന് എസ്ബിടി ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജീവൻദാസ് നാരായണൻ പറഞ്ഞു.

എസ്ബിടിയുടെ ശാഖകളിലൂടെ പോളിസി ലഭ്യമാകും. ചികിത്സാച്ചെലവിൽ വർഷം തോറുമുണ്ടാകുന്ന 15 മുതൽ 20 ശതമാനം വരെയുള്ള വർധന മധ്യവർഗ കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കുറഞ്ഞ പ്രീമിയത്തിൽ ഏറെ സവിശേഷതകളുള്ള ആരോഗ്യ സംരക്ഷണ ഇൻഷ്വറൻസ് പോളിസി അവതരിപ്പിക്കാൻ എസ്ബിടി മുന്നോട്ടു വന്നതെന്നും ജീവൻദാസ് നാരായണൻ വ്യക്തമാക്കി.

പോളിസിയുടെ സവിശേഷതകൾ: ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ വ്യക്തിഗത, കുടുംബ ഫ്‌ളോട്ടർ തെരഞ്ഞെടുക്കാനുള്ള സൗകര്യം കാര്യമായ രോഗങ്ങളില്ലാത്ത 65 വയസ് വരെയുള്ള ഉപയോക്താക്കൾക്ക് പോളിസി എടുക്കുന്നതിന് മുമ്പ് മെഡിക്കൽ പരിശോധന വേണ്ട. 142 ഡേ കെയർ നടപടിക്രമങ്ങൾക്ക് കവറേജ്.പോളിസി കൃത്യസമയത്ത് പുതുക്കുന്നതിനുള്ള സൗകര്യം.

ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നതിന് മുൻപുള്ള 30 ദിവസം വരെയും ശേഷമുള്ള 60 ദിവസം വരെയും ചികിത്സാചെലവുകൾക്ക് കവറേജ്. 3,000 ലേറെ അംഗീകൃത ആശുപത്രികളിൽ പണം നൽകാതെയുള്ള ചികിത്സ.

കൂടുതൽ വിവരങ്ങൾക്ക് ഏറ്റവുമടുത്ത എസ്ബിടി ശാഖയുമായി ബന്ധപ്പെടുക. www.sbigeneral.in എന്ന വെബ്‌സൈറ്റിലും 1 800 22 1111, 1800 102 1111 എന്നീ ടോൾ ഫ്രീ നമ്പറുകളിലും ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.