ഭവന വായ്പയുമായി മുത്തൂറ്റ് ഹോംഫിൻ

Posted on: April 14, 2015

Muthoot-Homefin-big

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പ് ഭവനവായ്പാ രംഗത്തേക്ക് പ്രവേശിച്ചു. കമ്പനിയുടെ 17-ാമത് ഡിവിഷനായ മുത്തൂറ്റ് ഹോംഫിൻ എന്ന ഭവനവായ്പാ വിഭാഗത്തിന് തുടക്കം കുറിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, മുത്തൂറ്റ് ഹോംഫിൻ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ്, മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പത്മകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മുത്തൂറ്റ് ഹോംഫിൻ ആകർഷകമായ പലിശനിരക്കും സത്വര അനുമതികളും വായ്പാ വിതരണവുമായാണ് വിപണിയിലെത്തുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

ആകർഷകമായ നിരക്കുകളും സത്വര ലോൺ അപ്രൂവൽ നടപടികളുമായി ഭവനവായ്പാരംഗത്ത് മേൽക്കൈ നേടാനാണ് മുത്തൂറ്റ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഒരു ലക്ഷം മുതൽ 5 കോടി രൂപ വരെയുള്ള ഭവനവായ്പകൾ ഓഫർ ചെയ്യുന്ന മുത്തൂറ്റ് ഹോംഫിൻ, 30 വർഷം വരെ വായ്പാ കാലാവധിയുള്ള ലോണുകൾക്ക് 10.20 % മുതലാണ് വാർഷിക പലിശനിരക്ക് ഈടാക്കുന്നത്. വായ്പാ തിരിച്ചടവ് ഡിമിനിഷിംഗ് ബാലൻസ് അധിഷ്ഠിതമായി, തുല്യ പ്രതിമാസ തവണകളായി (ഇഎംഐ) അടയ്ക്കാവുന്നതാണ്. 13 % മുതലുള്ള പലിശനിരക്കിൽ 15 വർഷത്തേയ്ക്കു വരെ 10 ലക്ഷം മുതൽ 5 കോടിവരെ പ്രോപ്പർട്ടികളിന്മേലുള്ള വായ്പയും മുത്തൂറ്റ് ഹോംഫിൻ നൽകുന്നുണ്ട്.

വിഷു ദിനത്തിലാണ് മുത്തൂറ്റ് ഹോംഫിൻ പ്രവർത്തനമാരംഭിക്കുന്നത്. മെയ് 16 വരെയുള്ള ആദ്യത്തെ ഒരു മാസത്തിനുള്ളിൽ നൽകുന്ന വായ്പകൾക്ക് പ്രോസസിംഗ് ചാർജിൽ 50 % ഇളവു നൽകുന്നതാണ്. കേരളത്തിൽ തുടക്കമിടുന്ന മുത്തൂറ്റ് ഹോംഫിൻ ഡിവിഷൻ മറ്റു സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും വിപുലീകരിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി.

ശമ്പളക്കാർക്കും സ്വയംതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ആദായനികുതി ബാധകമായതും അല്ലാത്തതുമായ ഏവർക്കും ഭവനവായ്പക്ക് അപേക്ഷിക്കാവുന്നതാണ്. കമ്പനിയുടെ ഫോൺ, ഇമെയിൽ, വെബ്‌സൈറ്റ് മുഖാന്തിരം നേരിട്ടോ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെയോ ഇതര ഗ്രൂപ്പ് സ്ഥാപനങ്ങളുടെയോ ശാഖകൾ വഴിയോ ഭവനവായ്പ സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. അപ്പാർട്ടുമെന്റുകൾ, വില്ലകൾ മുതലായവ വാങ്ങാനുദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കും സ്വന്തമായി വീടുപണിയാൻ താത്പര്യപ്പെടുന്നവർക്കും നിലവിലുള്ള വീട് പുതുക്കിപ്പണിയുന്നവർക്കും ഭവന വായ്പാ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.