നൈജീരിയയിൽ ഷോപ്പിംഗ് മാളുമായി മുൾക് ഹോൾഡിംഗ്‌സ്

Posted on: December 10, 2014

Mulk-Holdings-Retail-JV-Big

യുഎഇ യിലെ രാജ്യാന്തര കമ്പനിയായ മുൾക് ഹോൾഡിംഗ്‌സ് റീട്ടെയ്ൽ മേഖലയിൽ വൻ മുതൽമുടക്കിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ നൈജീരിയയുടെ തലസ്ഥാനമായ ലഗോസിൽ 40 മില്യൺ യുഎസ് ഡോളർ മുടക്കി ഡ്യൂട്ടിഫ്രീ ഷോപ്പിംഗ് മാൾ തുടങ്ങും.

ആഗോള റീട്ടെയ്‌ലറായ സൂസാൻ ഗ്രൂപ്പുമായി ചേർന്നാണ് ലാഗോസിന്റെ ഹൃദയഭാഗത്തെ നാഷണൽ തീയേറ്ററിൽ ഡ്യൂട്ടിഫ്രീ ഷോപ്പിംഗ് മാൾ ആരംഭിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 30,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ഷോപ്പിംഗ് മാൾ വികസിപ്പിക്കുന്നത്. 2016 ൽ മാൾ പൂർത്തിയാകും. അബുദാബിയിലെ നൈജീരിയൻ എംബസിയിൽ നടന്ന ചടങ്ങിൽ നൈജീരിയൻ ഗവൺമെന്റും മുൾക് ഹോൾഡിംഗ്‌സുമായി ധാരണാപത്രം ഒപ്പുവച്ചു.

നൈജീരിയ ടൂറിസം മന്ത്രി ഇദം ഡ്യൂക്ക്, നാഷണൽ തീയേറ്റർ സിഇഒ കബീർ യാരദുവ, യുഎഇയിലെ നൈജീരിയ അംബാസഡർ അൽഹാജി ബഷീർ യുഗുദ, മുൾക് ഹോൾഡിംഗ്‌സ് ചെയർമാൻ നവാബ് ഷാജി അൽ മുൾക്, സുസാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ആരിഫ് ഹാഫിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.