രാംകോയ്ക്ക് ആന്ധ്രയില്‍ പുതിയ പ്ലാന്റ്

Posted on: December 15, 2018

ചെന്നൈ : പ്രമുഖ സിമന്റ് നിര്‍മാതാക്കളായ രാംകോ സിമന്റ്‌സ് വന്‍ വിപുലീകരണ പദ്ധതികള്‍ക്കു തുടക്കമിട്ടു. ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയില്‍ 1,500 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ പ്ലാന്റിനു മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു തറക്കല്ലിട്ടു. പ്രതിവര്‍ഷം 31.5 ലക്ഷം ടണ്‍ ഉത്പാദനശേഷിയുള്ള പ്ലാന്റാണിത്.

15 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ജീവനക്കാര്‍ക്കായി പ്രത്യേക ടൗണ്‍ഷിപ്പും, 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക റെയില്‍വേ പാതയും നിര്‍മിക്കും. തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ ജയന്തിപുരം പ്ലാന്റില്‍ 740 കോടിയുടെയും ആന്ധ്ര വിശാഖപട്ടണം പ്ലാന്റില്‍ 250 കോടിയുടെയും വികസന പദ്ധതികള്‍ നടപ്പാക്കും. കൂടാതെ ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക ഉത്പാദന ശേഷി പ്രതിവര്‍ഷം 20 ദശലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നു രാംകോ അറിയിച്ചു.

TAGS: Ramco Cements |