റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവി പ്രീ ഫാബ് നിർമാണ രീതി : പ്രഫ. ക്രിസ്റ്റഫർ ബെംനിംഗർ

Posted on: November 25, 2018

കൊച്ചി : മുൻകൂട്ടി തയാറാക്കിയ ചട്ടക്കൂടുകൾ ഉപയോഗിച്ചുള്ള നിർമാണ രീതിയാകും (പ്രീ ഫാബ്) ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവിയെന്ന് പ്രമുഖ അമേരിക്കൻ- ഇന്ത്യൻ ആർക്കിടെക്റ്റും പ്ലാനറുമായ പ്രഫ. ക്രിസ്റ്റഫർ ബെംനിംഗർ. അനന്തമായ സാധ്യതകളും ഒട്ടേറെ നേട്ടങ്ങളും ഉള്ളതിനാൽ പ്രീ ഫാബ് രീതി നിർമാണ മേഖലയുടെ അവിഭാജ്യഘടകമായി മാറും. കെട്ടിടത്തിൻറെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനൊപ്പം നിർമാണ ചെലവ് കുറയ്ക്കാനും പ്രീ ഫാബ് രീതി സഹായിക്കുമെന്നും ക്രിസ്റ്റഫർ ബെംനിംഗർ പറഞ്ഞു. വാണിജ്യ കെട്ടിടങ്ങൾക്കും ഭവന പദ്ധതികൾക്കും ഒരേ പോലെ ഇത് യോജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രെഡായ് കേരള സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ക്രിസ്റ്റഫർ ബെംനിംഗർ .

സമയലാഭം, സാമ്പത്തിക ലാഭം, ഉയർന്ന ഗുണമേന്മ എന്നിവയാണ് പ്രീഫാബ് രീതിയുടെ ഗുണങ്ങൾ. പരമ്പരാഗത നിർമാണ രീതികളെ അപേക്ഷിച്ച് പ്രീ ഫാബ് നിർമാണം കൂടുതൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും നഷ്ടം കുറവുമായിരിക്കും. ഉയർന്ന കെട്ടിടങ്ങൾക്കുള്ള ആവശ്യകത വർധിക്കുകയാണ്. കാർഷിക തൊഴിൽ രാജ്യത്ത് ഏതാണ്ട് പൂർണമായി നഷ്ടമായി കഴിഞ്ഞു. നഗരപ്രദേശങ്ങളിലേക്ക് കൂടുതൽ പേർ കൂട് മാറുന്നതിനാൽ ഭവന പദ്ധതികൾക്ക് ആവശ്യക്കാർ ഏറും. രാജ്യത്ത് ആർക്കിടെക്ട് വൈദഗ്ധ്യം പ്രയോജനപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടങ്ങൾ രണ്ട് ശതമാനം മാത്രമാണ്. ഒരു മികച്ച ആർക്കിടെക്റ്റിന്റെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് നിർമാണ ചെലവ് കുറയുമെന്നും കൊച്ചി റിഫൈനറി നിർമാനത്തിന്റെ രൂപകൽപന നിർവഹിച്ച ക്രിസ്റ്റഫർ ബെംനിംഗർ പറഞ്ഞു.

ഓഫീസ് ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് സ്റ്റീൽ സീലിങ് ആണ് അഭികാമ്യം. എന്നാൽ വീടുകൾക്കും ഭവന പദ്ധതികൾക്കും യോജിച്ചത് കോൺക്രീറ്റ് ആണ്. അഗ്‌നി രക്ഷാ സംവിധാനങ്ങൾ നിർബന്ധമായും കെട്ടിടങ്ങൾക്ക് ഉണ്ടാകണം. ബഹുനില മന്ദിരങ്ങളിലെ അടുക്കളയിൽ പോലും ആവശ്യമായ വായു സഞ്ചാരം ഇല്ലാതെയാണ് നിർമ്മിക്കുന്നത്. എളുപ്പം തീ പിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് മിക്ക കെട്ടിടങ്ങളുടെയും ഇന്റീരിയർ നിർമിക്കുന്നത്. പരിസ്ഥിതി സൗഹാർദ ഹരിത കെട്ടിടങ്ങളാണ് കേരളത്തിന് ആവശ്യം. പാരമ്പര്യവും പരിസ്ഥിതിയും പരിഗണിച്ച് നിർമിച്ച പഴയ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും അനുകരണീയ മാതൃകകളാണ്. ചില ഐ ടി സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കുള്ളിൽ നിന്നാൽ പുറത്ത് നടക്കുന്നത് എന്തെന്ന് അറിയുക പോലുമില്ല, ക്രിസ്റ്റഫർ ബെംനിംഗർ ചൂണ്ടിക്കാട്ടി. മലിനീകരണം കുറയ്ക്കുന്നതിനായി റീസൈക്ലിംഗിന് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.