കേരളത്തിൽ നീലഗിരി മോഡൽ നടപ്പാക്കണമെന്ന് ഏലിയാസ് ജോർജ്

Posted on: November 25, 2018

ക്രെഡായ് കേരള സംസ്ഥാന സമ്മേളനത്തിൻറെ സമാപന ചടങ്ങിൽ ഏലിയാസ് ജോർജ് മുഖ്യപ്രഭാഷണം നടത്തുന്നു. എം. വി ആൻറണി, ഡോ. നജീബ് സക്കറിയ, ശിവ കൃഷ്ണൻ എന്നിവർ സമീപം.

കൊച്ചി : റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കും കേരളത്തിൻറെ പുനർനിർമ്മാണത്തിനും മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന പ്രഖ്യാപനവുമായി ക്രെഡായ് ദ്വിദിന സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തിൽ ഇന്ത്യ ഇൻഫ്രാസ്ട്രക്ച്ചർ ഗവൺമെൻറ് ആൻഡ് ഹെൽത്ത്കെയർ ചെയർമാൻ ഏലിയാസ് ജോർജ് മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് കേരളത്തിൽ നീലഗിരി മാതൃക നടപ്പാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.

നീലഗിരിയിൽ പ്ലാസ്റ്റിക് നിരോധനവും കുന്നിൻചെരുവകളിലെ നിർമാണ വിലക്കും എല്ലാം അനുകരണനീയ മാതൃകകളാണ്. ഇടുക്കി, വയനാട് ജില്ലകളിലെങ്കിലും ഇത് നടപ്പാക്കാൻ കഴിയണമെന്നും ഏലിയാസ് ജോർജ് ആവശ്യപ്പെട്ടു. കേരളത്തെ പുനർനിർമിക്കുകയല്ല, പുനർ വിഭാവനം ചെയ്യുകയാണ് വേണ്ടത്. ശരിയായ രൂപകൽപ്പന നടത്താനും നിർമാണ രീതികളിലെ തെറ്റുകൾ തിരുത്താനുമുള്ള സുവർണാവസരം കൂടിയാണിത്. നിർമാണ മേഖലകളിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി മൈക്രോ ഏരിയ പ്ലാനിംഗ് നടപ്പാക്കണം. പ്രകൃതിക്ക് വേണ്ടിയും വരും തലമുറയ്ക്ക് വേണ്ടിയുമുള്ളതാകണം ഇനിയുള്ള നിർമാണങ്ങൾ. അസറ്റ് റീസൈക്ലിംഗ് പോലെയുള്ള നവീന മാതൃകകൾ കേരളം പിന്തുടരണം. നിർമാണ, വികസന മേഖലകളിൽ കൂടുതൽ പൊതു സ്വകാര്യ പങ്കാളിത്തം ഉണ്ടാവണമെന്നും ഏലിയാസ് ജോർജ് പറഞ്ഞു.

ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയ, കോൺഫറൻസ് ചെയർമാൻ എം. വി ആൻറണി, ജെ എൽ എൽ ഇന്ത്യ ഡെവലപ്പർ സൊല്യൂഷൻസ് എം ഡി ശിവ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഓട്ടോഡെസ്‌ക് സെയിൽസ് മേധാവി എം. കെ സുനിൽ പങ്കെടുത്തു. കൊച്ചുതൊമ്മൻ മാത്യു മോഡറേറ്റർ ആയിരുന്നു. മുംബൈ ഡബാവാലകളുടെ അസാധാരണമായ വിജയ കഥകൾ ഡോ.പവൻ അഗർവാൾ വിശദീകരിച്ചു.

ത്രീ ഡി നിർമാണരീതികളെ കുറിച്ചും നവീന സാങ്കേതിക വിദ്യകളെ കുറിച്ചും നടന്ന സെഷനിൽ സാൽമൺ ലീപ് ഇന്ത്യ ചെയർമാൻ എസ്. ജെ വിജയ് പ്രഭാഷണം നടത്തി.

TAGS: Credai |