എക്‌സ്‌ചേഞ്ച് പദ്ധതിയുമായി അസറ്റ് ഹോംസ്

Posted on: November 23, 2018

കൊച്ചി : ഇനി ഫ്‌ളാറ്റും മാറ്റി വാങ്ങാം. പഴയ ഫ്‌ളാറ്റ് കൊടുത്ത് അതിന്റെ വില കഴിച്ച് ബാക്കി തുക നല്‍കിയാല്‍ പുതിയത് സ്വന്തമാക്കാം. വീടും സ്ഥലവും ഇതുപോലെ ഫ്‌ളാറ്റു വാങ്ങാനായി കൈമാറാന്‍ കഴിയുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി അസറ്റ് ഹോംസ് പുറത്തിറക്കി.

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ വിവിധ ജില്ലകളിലെ അസറ്റ് ഹോംസിന്റെ ഫ്‌ളാറ്റ് പദ്ധതികളിലാണു മാറ്റി വാങ്ങേണ്ടത്. ജോലിയില്‍ സ്ഥലം മാറ്റം വന്നവര്‍ക്കും ജോലിയില്‍ നിന്നു വിരമിച്ചു നാട്ടിലേക്കു മടങ്ങുന്നവര്‍ക്കും ഈ പദ്ധതി ഏറെ പ്രയോജനകരമാണെന്ന് അസറ്റ് ഹോംസ് എംഡി വി സുനില്‍കുമാര്‍ അറിയിച്ചു. കൂടുമാറ്റം പദ്ധതിയിലൂടെ പുതിയതു സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 25 ന് റാഡിസന്‍ ബ്‌ളു ഹോട്ടലില്‍ മേള നടത്തും.

പഴയ ഫ്‌ളാറ്റ് സമുച്ചയം ആകെ നല്‍കിയാല്‍ പുതിയ ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കും. അത്രയും കാലം (രണ്ടര വര്‍ഷം) ഫ്‌ളാറ്റ് ഉടമകള്‍ക്കു വാടകയ്ക്കു താമസിക്കാനുള്ള പണവും നല്‍കും. പഴയ ഫ്‌ളാറ്റിന്റെ അതേ വിസ്തീര്‍ണത്തില്‍ പുതിയതു ലഭിക്കും. അവിടെ പുതുതായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകള്‍ വില്‍ക്കുന്നതില്‍ നിന്നാണ് അസറ്റ് ഹോംസിന്റെ വരുമാനം.

കൈമാറ്റം ചെയ്യാനുള്ള ഫ്‌ളാറ്റോ വീടോ സ്ഥലമോ അസറ്റ് ഹോംസിന്റെ ടീം സന്ദര്‍ശിച്ച് വില നിശ്ചയിക്കും. പഴയ ഫ്‌ളാറ്റ് കമ്പനി തന്നെ മറ്റൊരാള്‍ക്കു വില്‍പന നടത്തുകയും ചെയ്യും. കൈമാറ്റ പദ്ധതിയിലൂടെ പുതിയതു വാങ്ങുന്നവര്‍ക്ക് ബാങ്ക് വായ്പയും ലഭ്യമാണ്.

TAGS: Asset Homes |