റീബിൽഡ് കേരള : ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ 100 വീടുകൾ നിർമിക്കും

Posted on: October 24, 2018

ദുബായ് : റീബിൽഡ് കേരളാ പദ്ധതിയുെട ഭാഗമായി കെഫ് ഹോൾഡിംഗ്‌സിന്റെ സാമൂഹ്യസേവന വിഭാഗമായ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ 100 വീടുകൾ നിർമിച്ചു നൽകും. കേരളത്തിലെ ഒട്ടേറെ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച പ്രളയെക്കടുതിയിൽ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് പാർപ്പിടങ്ങൾക്കാണെന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന റീ ബിൽഡ് കേരളാ പദ്ധതിയിൽ ഫൗണ്ടേഷൻ ഇടപെടുന്നത്.

ലിവിംഗ് റൂം, അടുക്കള, 2 കിടപ്പ് മുറികൾ, കുളി-ശുചിമുറി, വരാന്ത എന്നിവ ഉൾപ്പടെ 400 ചതുരശ്രയടി വിസ്തൃതിയുള്ള നൂറ് വീടുകളാണ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്നത്. ഓഫ്‌സൈറ്റ് നിർമാണ സാങ്കേതികവിദ്യയിൽ കെഫിനുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയാണ് സർക്കാർ തെരഞ്ഞെടുത്ത പ്രളയ ബാധിത മേഖലകളിൽ വീടുകൾ പണിയുന്നത്. ഫാക്ടറിയിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് ഭാഗങ്ങൾ സൈറ്റിലെത്തിച്ച് 11 മണിക്കൂറിനുള്ളിൽ സംയോജിപ്പിക്കാവുന്ന പ്രീഫാബ്രിക്കേറ്റഡ് വീടുകൾ 100 വർഷത്തോളം ഈടു നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആദ്യ മാതൃക വീട് ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് ചന്ദ്രൻ – ശാരദ ദമ്പതികൾക്ക് നിർമ്മിച്ചു നൽകി. സാങ്കേതികവിദ്യ ജനനന്മയ്ക്ക് വിനിയോഗിക്കപ്പെടണമെന്ന തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് നൂറു വീടുകളുടെ പദ്ധതിയെന്ന് കെഫ് ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനും ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സഹസ്ഥാപകനുമായ ഫൈസൽ കൊട്ടിക്കൊള്ളൻ പറഞ്ഞു.

നൂറ് വീടുകൾ നിർമിച്ചു നൽകുന്നതിലൂടെ നൂറ് കുടുംബങ്ങളിലെ അംഗങ്ങൾക്ക് അവരുടെ ജീവിതം പുതുതായി തുടങ്ങുന്നതിന് കൈത്താങ്ങാകാൻ കഴിയുെമന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഷബാന ഫൈസൽ കൂട്ടിച്ചേർത്തു.