അബാദ് ബിൽഡേഴ്സ് നിർമാണം പൂർത്തീകരിച്ച വെസ്റ്റ്ഫോർട്ട് ഗാർഡൻസ് ഓഗസ്റ്റ് 24 ന് കൈമാറും

Posted on: July 30, 2018

അബാദ് ബിൽഡേഴ്സ് നിർമാണം പൂർത്തിയാക്കിയ തൃപ്പൂണിത്തുറ വെസ്റ്റ് ഫോർട്ട് ഗാർഡൻസ് കൊച്ചി നഗരസഭാ കൗൺസിലർ പി. വി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. അബാദ് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ ഡോ. നജീബ് സക്കറിയ, വെസ്റ്റ് ഫോർ ക്രൈസിസ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ദിനേശ്, അനന്തരാമൻ, ജോ തോമസ് ചെറിയാൻ, സത്യനാരായണൻ, നാരായണൻ, ബ്രിജ് മേനോൻ, പ്രദീപ്, ബാലകൃഷ്ണൻ, രാജശേഖരൻ എന്നിവർ സമീപം.

കൊച്ചി : പൂണിത്തുറയിൽ എസ് ഐ പ്രോപ്പർട്ടീസ് നിർമാണം ആരംഭിക്കുകയും പിന്നീട് മുടങ്ങുകയും ചെയ്ത് വിവാദത്തിലായ വെസ്റ്റ്‌ഫോർട്ട് ഗാർഡൻസ് നിർമാണം പൂർത്തിയാക്കി അടുത്തമാസം ഉടമകൾക്ക് കൈമാറും. അബാദ് ബിൽഡേഴ്‌സാണ് ഫ്ളാറ്റ് ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയത്. 2006 ലാണ് സതേൺ ഇൻവെസ്റ്റ്‌മെൻറ്‌സ് (എസ് ഐ) 84 ഫ്ളാറ്റുകൾ അടങ്ങുന്ന പാർപ്പിട സമുച്ചയം പ്രഖ്യാപിച്ചത്. 2010 ൽ നിർമാണം പൂർത്തിയാക്കി കൈമാറാൻ ആയിരുന്നു ധാരണ. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ പകുതി നിർമാണം പൂർത്തിയാക്കിയ എ ബ്ലോക്കിലെ 14 ഫ്ളാറ്റുകൾ ഉടമകൾക്ക് കൈമാറി.

എസ് ഐയ്ക്ക് നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ പണം മുടക്കിയവർ സ്ഥല ഉടമകളുടെ സഹകരണത്തോടെ  വെസ്റ്റ്‌ഫോർട്ട് ഗാർഡൻസ്
ക്രൈസിസ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ തുക ഉടമകൾ ചേർന്ന് പിരിവെടുത്ത് ഒരു ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.

അസോസിയേഷൻ അഭ്യർഥിച്ചതിനെ തുടർന്ന് അബാദ് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ ഡോ. നജീബ് സക്കറിയ നിർമാണം ഏറ്റെടുക്കുകയായിരുന്നു. ആറ് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കിയ ഫ്ളാറ്റ് ആഗസ്റ്റ് 24 ന് ഉടമകൾക്ക് കൈമാറുമെന്ന് അബാദ് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ ഡോ. നജീബ് സക്കറിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ് ഐ വാഗ്ദാനം നൽകിയിരുന്നതിനേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങളോടെയാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കേരളത്തിൽ നിരവധി പാർപ്പിട സമുച്ചയ പദ്ധതികൾ നിർമാണം മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ ഇതൊരു മികച്ച മാതൃകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.

വെസ്റ്റ്‌ഫോർട്ട് ഗാർഡൻസ് ക്രൈസിസ് അസോസിയേഷൻ പ്രസിഡണ്ട് ദിനേശ് കെ നായർ, സെക്രട്ടറി എം. ബാലകൃഷ്ണൻ, വി. സത്യനാരായണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.