ദീർഘവീക്ഷണത്തോടെയുള്ള ബജറ്റ് : ഡോ. നജീബ് സക്കറിയ

Posted on: February 2, 2018

കൊച്ചി : കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, നിക്ഷേപം, ഭക്ഷ്യസംസ്‌കരണം, ഭാവനപദ്ധതികൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള കേന്ദ്ര ബജറ്റ് വരും വർഷങ്ങളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയ അഭിപ്രായപ്പെട്ടു. സാമ്പത്തിക വളർച്ചയ്ക്ക് അടിസ്ഥാനസൗകര്യ മേഖലയുടെ പ്രാധാന്യം എടുത്തു കാട്ടുന്ന ബജറ്റ് ഈ മേഖലയിൽ അൻപത് ലക്ഷം കോടിയുടെ നിക്ഷേപവും കണക്കുകൂട്ടുന്നു. പ്രാപ്യമായ ഭവന പദ്ധതികൾ വരും വർഷങ്ങളിൽ ടയർ 1, 2, 3 നഗരങ്ങളിൽ വർധിക്കും. സ്റ്റീൽ, സിമന്റ്, നിർമാണ സാമഗ്രികൾ, ഗതാഗതം എന്നീ മേഖലകളിലും ഇതിൻറെ ഉണർവ് പ്രകടമാകും.

ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡിയറി പദ്ധതിക്ക് കീഴിൽ വീട് വാങ്ങുമ്പോൾ ജി എസ് ടിയിൽ പന്ത്രണ്ട് ശതമാനത്തിൽ നിന്ന് എട്ട് ശതമാനമാക്കി കുറവ് വരുത്തിയത് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഗുണം ചെയ്തിരുന്നു. ഇതിനു പുറമെയാണ് തൊഴിൽ സാദ്ധ്യതകൾ വർധിപ്പിച്ച് കൊണ്ട് നഗരപ്രദേശങ്ങളിൽ 31 ലക്ഷം വീടുകളും ഗ്രാമീണമേഖലയിൽ 51 ലക്ഷം വീടുകളും നിർമിക്കാൻ ബജറ്റിൽ നിർദേശിക്കുന്നത്. ഇതിനായി സർക്കാർ ഒരു ഹൗസിംഗ് ഫണ്ടും രൂപീകരിക്കാൻ ഉദ്ദേശിക്കുന്നു. ഇത് കൂടാതെ ഭാവന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രഖ്യാപനങ്ങളും ഭവന, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തൻ ഉണർവേകും. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിന് ആകർഷണീയത കൂട്ടാനും ബജറ്റ് സഹായിക്കും. സ്മാർട്ട് സിറ്റികളിലുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു നിക്ഷേപവും റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിന് ആക്കം കൂട്ടും. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് ഡി ഡി ടി ഏർപ്പെടുത്തിയതും ഇക്വിറ്റികളുടെ ദീർഘകാല മൂലധനത്തിന് പത്ത് ശതമാനം നികുതി ചുമത്തിയതും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവുണ്ടാക്കുമെന്നും അദേഹം അഭിപ്രായപ്പെട്ടു.