മഹീന്ദ്ര പവറോൾ ജനറേറ്ററുകൾ കേരള വിപണിയിൽ

Posted on: January 20, 2018

കൊച്ചി : കൂടുതൽ കരുത്തും ഇന്ധനക്ഷമതയുമായി മഹീന്ദ്ര പവറോൾ 250/320 കിലോവാട്ട് ആംമ്പിയർ (കെ വി. എ) ശേഷിയുള്ള ഡീസൽ ജനറേറ്ററുകൾ കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര പവറോൾ വൈസ് പ്രസിഡന്റ് (റീട്ടെയ്ൽ സെയിൽസ് & സർവീസ്) സഞ്ജയ് ജയിൻ പവറോൾ ജനറേറ്ററുകൾ പുറത്തിറക്കി.

മഹീന്ദ്ര എംപവർ ശ്രേണിയിലുള്ള 9.3 ലിറ്റർ എൻജിനാണ് ഈ ജനറേറ്ററുകളുടെ പ്രത്യേകത. ഏറ്റവും നവീനവും മികച്ചതുമായ കോമൺ റെയിൽ ഡീസൽ എൻജിൻ (സി. ആർ. ഡി. ഇ) സാങ്കേതികവിദ്യയാണ് എൻജിന്റെ കരുത്ത്. മികച്ച ഇന്ധനക്ഷമതയും കരുത്തുമാണ് സി ആർ ഡി ഇ സാങ്കേതികവിദ്യയുടെ പ്രത്യേകതയെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവറോൾ ആൻഡ് സ്‌പെയേഴ്‌സ് ബിസിനസ് പ്രസിഡന്റും ചീഫ് പർച്ചേസ് ഓഫീസറുമായ ഹേമന്ത് സിക്ക പറഞ്ഞു.

മലിനീകരണം തീരെ കുറവാണ്. വോൾട്ടേജ് വ്യതിയാനം ഉണ്ടാകാതിരിക്കാനുള്ള സംവിധാനവും റിമോട്ട് നിയന്ത്രണത്തിനുള്ള ഡിജി-സെൻസ് സംവിധാവും പവറോൾ ജനറേറ്ററിലുണ്ട്. ഹെവി ഡ്യൂട്ടി ഉപയോഗം സാധ്യമാക്കുന്ന ഉയർന്ന ബ്ലോക്ക് ലോഡിംഗ് കപ്പാസിറ്റി മഹീന്ദ്ര പവറോൾ ഡിജി സെറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

മഹീന്ദ്രയുടെ ചെന്നൈ റിസർച്ച് വാലിയിൽ രൂപകൽപ്പനചെയ്ത് പൂണെയിലെ ചക്കാൻ പ്ലാന്റിലാണ് നിർമ്മാണം. 250 കെ വി എ ഡീസൽ ജനറേറ്ററിന് 12.5 ലക്ഷവും, 320 കെ വി എ ജനറേറ്ററിന് 16 ലക്ഷവുമാണ് ജി. എസ് ടി കൂടാതെയുള്ള വില. മഹീന്ദ്രയുടെ തനത് കോറൽ ഓറഞ്ച് നിറത്തിലാണ് ഡി ജി സെറ്റുകൾ ലഭ്യമാകുന്നത്. മഹീന്ദ്ര പവറോളിന് രാജ്യമൊട്ടാകെ 200 ഡീലർമാരും 400 ടച്ച് പോയിന്റുകളും ഉണ്ട്. 24 x 7 പ്രവർത്തനക്ഷമമായ കോൾ സെന്റർ സേവനവും കമ്പനി ലഭ്യമാക്കുന്നു.